മലേസ്യയിലെ മണ്ണിടിച്ചില്‍: മരണസംഖ്യ 23 ആയി; കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

Update: 2022-12-17 16:17 GMT

ക്വാലാലംപൂര്‍: മലേസ്യയിലെ ക്വാലാലംപൂരിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 23 ആയി. പത്തുപേരെ ഇനിയും കണ്ടെത്താനുണ്ട്. അവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് മലേസ്യയുടെ സ്‌റ്റേറ്റ് മീഡിയാ ഏജന്‍സി ബെര്‍നാമ ശനിയാഴ്ച റിപോര്‍ട്ട് ചെയ്തു. ഇതുവരെ ആറ് മൃതദേഹങ്ങള്‍ അധികൃതര്‍ തിരിച്ചറിഞ്ഞതായി മലേസ്യയുടെ ദേശീയ ദുരന്തനിവാരണ ഏജന്‍സിയെ ഉദ്ധരിച്ച് ബെര്‍നാമ റിപോര്‍ട്ട് ചെയ്തു.

ചളിയിലും മണ്ണിനടിയിലും അകപ്പെട്ടവര്‍ക്ക് ഓക്‌സിജന്‍ ലഭിക്കാത്തതിനാല്‍ ഇവരെ രക്ഷപ്പെടുത്തുക വളരെ പ്രയാസമേറിയ കാര്യമാണെന്ന് ഫയര്‍ ആന്റ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. 61 പേരെ അപകട സ്ഥലത്തു നിന്നും രക്ഷപ്പെടുത്തിയിരുന്നു. റോഡിനു സമീപം ക്യാംപിങ് സൗകര്യമൊരുക്കുന്ന ഫാം ഹൗസിലുണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടവരിലേറെയും. മണ്ണിടിച്ചിലുണ്ടാവുമ്പോള്‍ താന്‍ മറ്റ് 40 പേര്‍ക്കൊപ്പം ക്യാംപ് ചെയ്യുകയായിരുന്നുവെന്ന് 22 കാരിയായ ടെഹ്‌ലിന്‍ ഷുവാന്‍ പറഞ്ഞു.

തന്റെ സഹോദരന്‍മാരില്‍ ഒരാള്‍ മരിച്ചെന്നും മറ്റൊരാള്‍ ആശുപത്രിയിലാണെന്നും അവര്‍ പറഞ്ഞു. അപകടസ്ഥലം സന്ദര്‍ശിച്ച പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്കും മരിച്ചവരുടെ കുടുംബത്തിനുമുള്ള ധനസഹായം പ്രഖ്യാപിച്ചു. ക്വാലാലംപൂരില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. 14 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥലത്ത് ഇതിന് മുമ്പും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്.

Tags:    

Similar News