യുപിഎ സഖ്യം നിലവിലില്ലെന്ന് മമതാ ബാനര്‍ജി; കടുത്ത പ്രതികരണങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍

Update: 2021-12-02 07:51 GMT

മുംബൈ: യുപിഎ സഖ്യം രാജ്യത്ത് നിലവിലില്ലെന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അഭിപ്രായത്തിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍.

കോണ്‍ഗ്രസ് ഇല്ലാതെ യുപിഎ എന്നത് ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കബില്‍ സിബില്‍ പറഞ്ഞു. പ്രതിപക്ഷത്ത് ഭിന്നിപ്പുണ്ടാക്കേണ്ട സമയമല്ല ഇതെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

പ്രതിപക്ഷം ഈ സമയത്ത് ഐക്യം കാത്തുസൂക്ഷിക്കണം- അദ്ദേഹം ട്വീറ്റ് ചെയ്തു.

മമതാ ബാനര്‍ജി ഭ്രാന്താണ് പറയുന്നതെന്ന് ലോക് സഭാ പ്രതിപക്ഷ നേതാവ് അധിര്‍രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. യുപിഎ എന്നാല്‍ എന്താണെന്ന് മമതക്ക് അറിയില്ലേ? അവര്‍ ഭ്രാന്ത് പറയുകയാണ്- അദ്ദേഹം പറഞ്ഞു.

ഇന്ത്യക്കാര്‍ മുഴുവന്‍ മമത, മമത എന്ന് പാടിക്കൊണ്ടിരിക്കുകയാണെന്നാണ് അവര്‍ കരുതുന്നത്. ഇന്ത്യയെന്നാല്‍ ബംഗാളല്ല, ബംഗാള്‍ മാത്രമായാല്‍ ഇന്ത്യയാവില്ല- അദ്ദേഹം ഓര്‍മിപ്പിച്ചു.

ശരത് പവാറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മമത രാഹുല്‍ ഗാന്ധിയെ പരിഹസിച്ചിരുന്നു. എല്ലാ സമയത്തും വിദേശത്തായിരിക്കാനാവില്ലെന്നായിരുന്നു രാഹുലിനെക്കുറിച്ച് പറഞ്ഞത്.

''ഫാഷിസത്തിന്റെ അന്തരീക്ഷമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. ഇതിനെതിരെ ശക്തമായ ബദല്‍ രൂപീകരിക്കേണ്ടതുണ്ട്. ആര്‍ക്കും ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. ശക്തരെ ഒരുമിച്ച് കൊണ്ടുവരണം''- ശതത് പവാറിനെ കണ്ടശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു.

പവാര്‍ യുപിഎയെ നയിക്കുമോയെന്ന വാര്‍ത്താമാധ്യമങ്ങളുടെ ചോദ്യത്തിനാണ് 'എന്ത് യുപിഎ, യുപിഎ നിലവിലില്ല, അത് ഞങ്ങള്‍ യോജിച്ചു തീരുമാനിക്കു'മെന്ന് പറഞ്ഞത്. ഇതാണ് കോണ്‍ഗ്രസ് നേതാക്കളെ പ്രകോപിപ്പിച്ചത്.  

Tags:    

Similar News