പ്രധാനമന്ത്രിയുടെ 'മന്‍ കി ബാത്ത്' തിരഞ്ഞെടുപ്പ് പെരുമറ്റച്ചട്ടത്തിന് വിരുദ്ധമല്ലേയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് മമത
കൊല്‍ക്കത്ത: പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുന്ന മന്‍ കി ബാത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലേയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ മേധാവിയുമായ മമതാ ബാനര്‍ജി. ബംഗാള്‍ സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വീട്ടു പടിക്കല്‍ എത്തിക്കുന്ന പദ്ധതി തടഞ്ഞ സാഹചര്യത്തിലാണ് മോദിയുടെ മന്‍ കീ ബാത്ത് പ്രചാരണ പരിപാടിക്കെതിരേ മമത രംഗത്തുവന്നത്.
വാക്‌സിനുമായി ബന്ധപ്പെട്ട പ്രചാരണപരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെ കമ്മീഷന്‍ എന്തുകൊണ്ടാണ് തടസ്സം നല്‍ക്കാത്തതെന്നും മമത ചോദിച്ചു.
''മന്‍ കി ബാത്ത് പ്രചാരണപരിപാടി തടസ്സമില്ലാതെ നടന്നുകൊണ്ടിരിക്കുകയാണ്. അതിനെതിരേ കമ്മീഷന്‍ നടപടിയെടുക്കാത്തതെന്തുകൊണ്ടാണ്? വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കുന്ന പദ്ധതി മൂന്നുമാസമായി നടക്കുകയാണ്. അത് വികസിപ്പിക്കുകയാണെങ്കില്‍ അതിലെന്ത് പ്രശ്‌നമാണ് ഉള്ളത്?'' -മമത ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപിയാണ് നിയന്ത്രിക്കുന്നതെന്നും അവര്‍ കമ്മീഷന്റെ അധികാരം ദുരപയോഗം ചെയ്യുകയാണെന്നും മമത ആരോപിച്ചു.
294 അംഗ ബംഗാള്‍ നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പ് മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളായാണ് നടക്കുന്നത്. മെയ് 2നാണ് വോട്ടെണ്ണല്‍.