ബിജെപി പണം തന്നാല്‍ വാങ്ങാന്‍ മടിക്കേണ്ട, പക്ഷേ വോട്ട് തൃണമൂലിനുതന്നെ നല്‍കണമെന്നും മമതാ ബാനര്‍ജി

Update: 2021-03-07 16:41 GMT

കൊല്‍ക്കത്ത: ബിജെപി വോട്ട് പണം കൊടുത്ത് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് സ്വീകരിച്ച് തൃണമൂലിന് തന്നെ വോട്ട് ചെയ്യണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വടക്കന്‍ ബംഗാളിലെ സിലിഗുരിയില്‍ നടന്ന ഇന്ധനവര്‍ധനയ്‌ക്കെതിരേ നടന്ന പ്രതിഷേധ റാലിയിലാണ് മമത ബിജെപിയുടെ തിരഞ്ഞെടുപ്പ് നിലാപാടുകള്‍ക്കെതിരേ ആഞ്ഞടിച്ചത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി നേതാക്കളാണ് തൃണമൂലില്‍ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയത്. കഴിഞ്ഞ ദിവസവും മുന്‍ മന്ത്രിമാരടക്കമുളളവര്‍ ബിജെപിയിലേക്ക് പോയിരുന്നു. ഇത്തവണത്തെ മമതയുടെ എതിരാളി മുന്‍ മന്ത്രിയും മമത കാബിനറ്റിലെ മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയാണ്.

മമതാ ബാനര്‍ജിയും മന്ത്രിമാരും എംഎല്‍എമാരും നയിക്കുന്ന ഇന്ധനവര്‍ധനയ്‌ക്കെതിരേയുള്ള പദയാത്രയില്‍ നിരവധി പാര്‍ട്ടിപ്രവര്‍ത്തകരാണ് പങ്കെടുത്തത്. നിങ്ങള്‍ അമ്മമാരെ അടുക്കളയ്ക്ക് തീയിടേണ്ടെന്നും അമ്മമാരും സഹോദരിമായും നിങ്ങളെ കത്തിക്കുമെന്നും മമത ബിജെപിയെ പരിഹസിച്ചു.

പ്രതിഷേധ പരിപാടിയില്‍ സിലിണ്ടറുകളുടെ വലിയ മാതൃകകളുമായാണ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തനത്തിനിറങ്ങിയത്.

ഇന്ധനവിലവര്‍ധന, പാചകവിലവര്‍ധന തുടങ്ങിയവയ്‌ക്കെതിരേ മോദി സര്‍ക്കാരിനെതിരേ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കനത്ത പ്രചാരണമാണ് അഴിച്ചുവിട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം എല്ലാ തരം സിലിണ്ടറുകള്‍ക്കും 25 രൂപയാണ് കമ്പനികള്‍ വര്‍ധിപ്പിച്ചത്.

Tags:    

Similar News