മമത ബാനര്‍ജി തീക്കൊള്ളി കൊണ്ട് കളിക്കരുത്; രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍

സംഭവത്തെക്കുറിച്ച് വിവരം നല്‍കാന്‍ പോലീസ് മേധാവിയേയും ചീഫ് സെക്രട്ടറിയേയും വിളിപ്പിച്ചതായും എന്നാല്‍ ഇരുവരും റിപ്പോര്‍ട്ടുകളില്ലാതെയാണ് വന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

Update: 2020-12-11 09:35 GMT
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നദ്ദയുടെ വാഹനവ്യൂഹം അക്രമിക്കപ്പെട്ടതില്‍ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍. മമത ബാനര്‍ജി തീക്കൊള്ളി കൊണ്ട് കളിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. പുറത്തു നിന്നുവന്ന ബിജെപിയെ ബംഗാളില്‍ നിന്ന് വലിച്ചെറിയണമെന്ന് മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു. 'ഓര്‍ക്കുക, ബിജെപി ബംഗാളിന്റെ പാര്‍ട്ടിയല്ല, ഡല്‍ഹിയിലെയും ഗുജറാത്തിലെയും പാര്‍ട്ടിയാണ്. അവര്‍ ആ സംസ്ഥാനങ്ങളിലേക്ക് മടങ്ങണം. ' എന്നായിരുന്നു മമത പറഞ്ഞത്. 'അവര്‍ക്ക് (ബിജെപി) മറ്റ് ജോലികളൊന്നുമില്ല. ചില സമയങ്ങളില്‍ ആഭ്യന്തരമന്ത്രി ഇവിടെയുണ്ട്, മറ്റ് സമയങ്ങളില്‍ ഇത് ചദ്ദ, നദ്ദ, ഫദ്ദ, ഭദ്ദ ഇവിടെയുണ്ട്. അവര്‍ക്ക് കേള്‍വിക്കാര്‍ ആരുമില്ലാത്തപ്പോള്‍ അവര്‍ തങ്ങളുടെ പ്രവര്‍ത്തകരെ കോപ്രായങ്ങള്‍ കാണിക്കാന്‍ വിളിക്കുന്നു' എന്നും മമത പറഞ്ഞിരുന്നു.


ഉത്തരവാദിത്തമുള്ള ഒരു മുഖ്യമന്ത്രിക്ക് നിയമവാഴ്ചയില്‍ വിശ്വസിക്കാനും ഭരണഘടനയില്‍ വിശ്വസിക്കാനും സമ്പന്നമായ ബംഗാളി സംസ്‌കാരത്തില്‍ വിശ്വസിക്കാനും സാധിക്കണമെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ പറഞ്ഞു. 'ദയവായി കുറച്ച് അന്തസ്സും കൃപയും കാത്തുസൂക്ഷിക്കുക, ആ വാക്കുകള്‍ തിരിച്ചെടുക്കുക,' ഗവര്‍ണര്‍ ആവശ്യപ്പെട്ടു.


വ്യാഴാഴ്ച ഉച്ചയ്ക്ക് കൊല്‍ക്കത്തയ്ക്ക് 60 കിലോമീറ്റര്‍ അകലെയുള്ള ഡയമണ്ട് ഹാര്‍ബറില്‍ വച്ചാണ് ഇഷ്ടിക, കല്ല്, വടി എന്നിവ ഉപയോഗിച്ച് നദ്ദയുടെ സംഘം ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ ചില നേതാക്കള്‍ക്ക് പരിക്കേറ്റിരുന്നു. കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നേതാക്കളായ കൈലാഷ് വിജയവര്‍ഗിയയ്ക്കും മുകുള്‍ റോയിക്കും പരിക്കേറ്റതായി ബിജെപി പറഞ്ഞിരുന്നു.


സംഭവത്തെക്കുറിച്ച് വിവരം നല്‍കാന്‍ പോലീസ് മേധാവിയേയും ചീഫ് സെക്രട്ടറിയേയും വിളിപ്പിച്ചതായും എന്നാല്‍ ഇരുവരും റിപ്പോര്‍ട്ടുകളില്ലാതെയാണ് വന്നതെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. 'വിശദമായ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ അവരോട് ആവശ്യപ്പെട്ടു. അവര്‍ ഒരു റിപ്പോര്‍ട്ടും ഇല്ലാതെയാണ് അവര്‍ വന്നത്. ഇത് ലജ്ജാകരമാണെന്നും ബംഗാള്‍ ഗവര്‍ണര്‍ പറഞ്ഞു.




Tags:    

Similar News