മോദി-ഷാ കൂട്ടുകെട്ട് എല്ലാ ചരിത്രസ്മാരകങ്ങളും റെയില്‍വേയും വിറ്റഴിച്ചുവെന്ന് മമതാ ബാനര്‍ജി
സിലിഗുരി: കേന്ദ്ര സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനവുമായി മമതാ ബാനര്‍ജിയുടെ പ്രതിഷേധ റാലി. ഇന്ത്യയ്ക്ക് ഒരു കൂട്ടുകെട്ടിനെക്കുറിച്ച് മാത്രമേ അറിയൂ എന്നും അത് മോദി-അമിത് ഷാ കൂട്ടുകെട്ടാണെന്നും അവര്‍ ഇന്ത്യയുടെ ചരിത്രസ്മാരകങ്ങളും ബാങ്കുകളും റെയില്‍വേയും വിറ്റഴിച്ചു കഴിഞ്ഞുവെന്നും മമത കുറ്റപ്പെടുത്തി.
''ഇന്ത്യക്ക് ഒരു സിണ്ടിക്കേറ്റിനെക്കുറിച്ചു മാത്രമേ അറിയൂ. അത് മോദി-ഷാ കൂട്ടുകെട്ടാണ്. അവര്‍ നമ്മുടെ ചരിത്രസ്മാരകങ്ങളെയും ബാങ്കുകളെയും റെയില്‍വേയും എല്‍ഐസിയെയും വിറ്റുകഴിഞ്ഞു''- പാചകവാതകവിലവര്‍ധനയ്‌ക്കെതിരേ സിലിഗുരിയില്‍ നടന്ന പദയാത്രയില്‍ സംസാരിക്കുകയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി.
അടുക്കളയിലുള്ള സഹോദരിമാരെയും അമ്മമാരെയും പരിഹസിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യരുത് അവര്‍ നിങ്ങളെ കത്തിക്കും. തൃണമൂല്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം ബംഗാളില്‍ നടപ്പാക്കിയിട്ടുണ്ടെന്നും മമത പറഞ്ഞു.
പ്രസംഗത്തില്‍ മമതാ ബാനര്‍ജി മോദിയുടെ പരിവര്‍ത്തന്‍ യാത്രയെയും പരിഹസിച്ചു. മാറ്റം അഥവ പരിവര്‍ത്തനം ഡല്‍ഹിയില്‍ മാത്രമേ സംഭവിക്കുകയുള്ളൂവെന്നും ബംഗാളിലായിരിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. യുപി, ബീഹാര്‍ പോലുളള ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബംഗാളില്‍ സ്ത്രീകള്‍ സുക്ഷിതരാണെന്നും മമത ചൂണ്ടിക്കാട്ടി.
എല്‍പിജി സിലിണ്ടറിന്റെ മാതൃകകളുമായി നടന്ന പദയാത്രയില്‍ നിരവധി പേര്‍ പങ്കെടുത്തു. യാത്രയില്‍ മുഖ്യമന്ത്രി മമതയ്ക്കു പുറമെ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, എംപിമാരായ മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍ തുടങ്ങിയവരും പങ്കെടുത്തു.
ഇന്ധനവില വര്‍ധനയിലൂടെയും പാചകവാതക വിലവര്‍ധനയിലൂടെയും ബിജെപി രാജ്യത്തെ കൊള്ളയടിക്കുകയാണെന്നും ഇത്തരം ചൂഷണങ്ങളുടെ ഇര സ്ത്രീകളാണെന്നും നികുതി വെട്ടിക്കുറയ്ക്കാത്ത കേന്ദ്ര നടപടി അപലപനീയമാണെന്നും മമത അഭിപ്രായപ്പെട്ടു.
സിലിഗുരിയില്‍ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച ഇന്ധന വിലവര്‍ധനയ്‌ക്കെതിരേ പ്രതിഷേധ മാര്‍ച്ച് മടക്കുന്നുണ്ട്.