ബംഗാളിലിനി രാഷ്ട്രീയം മാറും; മമതയ്ക്ക് തന്ത്രമൊരുക്കാൻ പ്രശാന്ത് കിഷോർ
അടുത്ത മാസത്തോടെ പ്രശാന്ത് കിഷോര്‍ ഔദ്യോഗികമായി മമതയുടെയും പാര്‍ട്ടിയുടെയും പ്രചാരണത്തിന്റെ ചുമതല ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായാണ് വിവരം.
ന്യൂഡല്‍ഹി: ബംഗാളിൽ രണ്ടുംകൽപ്പിച്ചിറിങ്ങിയിരിക്കുകയാണ് മുഖ്യമന്ത്രി മമതാ ബാനർജി. അതിന് കൂട്ടുപിടിച്ചതാവട്ടെ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെയും. ആന്ധ്രയില്‍ ജഗന് മോഹന്‍ റെഡ്ഡിക്ക് തിളക്കമാര്‍ന്ന വിജയം സമ്മാനിച്ച് അധികാരത്തിലെത്തിച്ച തന്ത്രങ്ങളൊരുക്കിയതിന് പിന്നാലെ ബംഗാളില്‍ മമതാ ബാനര്‍ജിക്കായി പ്രശാന്ത് കിഷോർ കളമൊരുക്കുക. അടുത്ത മാസത്തോടെ പ്രശാന്ത് കിഷോര്‍ ഔദ്യോഗികമായി മമതയുടെയും പാര്‍ട്ടിയുടെയും പ്രചാരണത്തിന്റെ ചുമതല ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായാണ് വിവരം. കൊൽക്കത്തയിൽ ഇരുവരും ചേർന്ന കൂടികാഴ്ച്ചയ്ക്കൊടുവിലാണ് തീരുമാനം. രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്ന ഈ കൂടിക്കാഴ്ചയിൽ മമതയുടെ തിരഞ്ഞെടുപ്പ് വിജയ പദ്ധതിയുമായി സഹകരിക്കാൻ പ്രശാന്ത് സമ്മതിച്ചുവെന്നാണ് അറിയുന്നത്. എന്നാല്‍, ഇരുവരുടെയും ഭാഗത്തു നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. 2014ല്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിക്കാന്‍ അണിയറയില്‍ തന്ത്രങ്ങളൊരുക്കിയ 'രാഷ്ട്രീയ തന്ത്രജ്ഞന്‍' എന്ന നിലയിലാണ് പ്രശാന്ത് കിഷോര്‍ പ്രശസ്തനായത്.
എന്നാൽ, ബിജെപി കാംപിലെത്താതെ പ്രശാന്ത് ബീഹാറിലെ ജെഡിയു കാംപിലാണ് എത്തിയത്. ബിഹാറിലെ മഹാസഖ്യനീക്കത്തിലൂടെ നിതീഷ് കുമാറിനായി തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോര്‍ ജെഡിയു ഉപാധ്യക്ഷനായി പ്രവര്‍ത്തിക്കുയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശില്‍ രാഹുല്‍ഗാന്ധി- അഖിലേഷ് യാദവ് സഖ്യത്തിന് ചുക്കാന്‍ പിടിച്ചതും പ്രശാന്ത് കിഷോര്‍ തന്നെയായിരുന്നു. 2016ലും മമത പ്രശാന്തിനെ സമീപിച്ചിരുന്നെങ്കിലും അതിനോടകം 2017ലെ യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണചക്രം തിരിക്കുന്നതിന്റെ ചുമതല അദ്ദേഹം ഏറ്റെടുത്തിരുന്നു. ഇക്കഴിഞ്ഞ തിരഞ്ഞടുപ്പില്‍ തെലുങ്കാനയില്‍ ജഗന് മോഹന്‍ റെഡ്ഡിയുടെ പ്രചാരണ ചുമതലയേറ്റെടുത്ത പ്രശാന്തിന്റെ തന്ത്രങ്ങള്‍ അത്ഭുത വിജയമാണ് റെഡ്ഡിക്കു സമ്മാനിച്ചത്. 175ല്‍ 150 സീറ്റിലും മിന്നും ജയം കരസ്ഥമാക്കിയാണ് റെഡ്ഡി അധികാരത്തിലേറിയത്. ലോക്സഭാ തിരഞ്ഞടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയെ തുടര്‍ന്നാണ് കിഷോറിനെ, മമത പ്രചാരണരംഗത്തെത്തിക്കുന്നതെന്നാണ് സൂചന.