പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തയാള്‍ അറസ്റ്റില്‍
ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ യുവതിയെ ശ്യാം കുമാര്‍ നിര്‍ബന്ധിക്കുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു.
മാള: ഫെയ്‌സ് ബുക്ക് ബന്ധം സ്ഥാപിച്ച യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും പണം കൈക്കലാക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.വെള്ളാങ്ങല്ലൂര്‍ തുമ്പൂര്‍ മേപ്പുറത്ത് വീട്ടില്‍ ശ്യാംകുമാര്‍ (30) നെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫെയ്മസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ എം ജെ. ജിജോയും സംഘവും അറസ്റ്റ് ചെയ്തത്. ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്ലാത്ത യുവതി വിദേശത്ത് ജോലി ചെയ്ത് വരുകയായിരുന്നു. 2018ലാണ് ശ്യാംകുമാര്‍ ഇവരുമായി ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ടത്. ജ്യോതിഷനാണെന്നാണ് യുവതിയോടു പറഞ്ഞത്. യുവതിയുടേയും ഭര്‍ത്താവിന്റേയും ജന്‍മ നക്ഷത്രങ്ങള്‍ തമ്മില്‍ ചേര്‍ച്ചയില്ലെന്നും അതിനാല്‍ ഭര്‍ത്താവുമൊത്തുള്ള ജീവിതം നരക തുല്യമായിരിക്കും എന്നും വിശ്വസിപ്പിച്ചു. ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ യുവതിയെ ശ്യാം കുമാര്‍ നിര്‍ബന്ധിക്കുകയും വിവാഹ വാഗ്ദാനം നല്‍കുകയും ചെയ്തു.
ശ്യാംകുമാര്‍ നിരന്തരം ലൈംഗീകമായി പീഡിപ്പിക്കുകയും വിവാഹ ശേഷം സുഖമായി ജീവിക്കുന്നതിന് വീട് പണിയുന്നതിനും ബിസിനസ് തുടങ്ങുന്നതിനും എന്ന പേരില്‍ പലപ്പോഴായി 14 ലക്ഷം രൂപയോളം തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. വഞ്ചിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ യുവതി ഇരിങ്ങാലക്കുട പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം അറിഞ്ഞ പ്രതി ബംഗളുരുവിലേക്ക് കടന്നു. ഒരാഴ്ച്ചക്ക് ശേഷം ശ്യാം കുമാര്‍ നാട്ടിലെത്തിയതറിഞ്ഞ പൊലീസ് തന്ത്രപൂര്‍വ്വമാണ് അറസ്റ്റ് ചെയ്തത്. അഡീഷണല്‍ എസ് ഐ ഡെന്നി, വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നിഷി, സി പി ഒ മാരായ വൈശാഖ് മംഗലന്‍, ഫൈസല്‍, ഷൗക്കത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്