
കടയ്ക്കാവൂര്‍: കടയ്ക്കാവൂരില്‍ തൊഴിലാളിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കടയ്ക്കാവൂര്‍ പഞ്ചായത്തിലെ കീഴാറ്റിങ്ങല്‍ കുഴിവിള വീട്ടില്‍ സുധര്‍മനാണ് രോഗബാധ. വീടുനിര്‍മാണത്തിനായി മലിനമായ കുളത്തിലെ വെള്ളം ഉപയോഗിച്ചതോടെയാണ് സുധര്‍മന് രോഗം പിടി പെട്ടത്.
രണ്ടാഴ്ച മുന്‍പ് വീടുപണിക്കിടയില്‍ പണിക്കാവശ്യമായ വെള്ളം സമീപത്തുള്ള അത്തിയിറക്കോണം ചിറയില്‍ ഇറങ്ങി എടുക്കുകയായിരുന്നു. പിന്നീട് പനി വന്നെങ്കിലും ഭേദമായി. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് വീണ്ടും പനി കടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്.
ദിവസങ്ങള്‍ക്കുമുന്‍പ് അത്തിയിറക്കോണം ചിറയില്‍നിന്നു പായല്‍ വാരിയ രണ്ടുപേര്‍ നിരീക്ഷണത്തിലാണെന്നും പ്രദേശത്തെ കുളങ്ങളും തോടുകളും ജനങ്ങള്‍ ഉപയോഗിക്കരുതെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു.