കാലഫോര്‍ണിയയിലെ വെടിവയ്പ്പ്; അക്രമിയെന്ന് സംശയിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി
വാഷിങ്ടണ്‍: കാലഫോര്‍ണിയയില്‍ പത്ത് പേരെ വെടിവച്ച് കൊല്ലുകയും നിരവധിപേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത അക്രമിയെന്ന് സംശയിക്കുന്നയാളെ മരിച്ച നിലയില്‍ കണ്ടെത്തി. ഏഷ്യന്‍ വംശജനായ ഹു കാന്‍ ട്രാ(72)നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പോലിസിനെ കണ്ടപ്പോള്‍ ഇയാള്‍ സ്വയം വെടിവയ്ക്കുകയായിരുന്നുവെന്നാണ് സൂചന. വാഹനത്തിന് അകത്തുനിന്നുമാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
കാലഫോര്‍ണിയ സംസ്ഥാനത്ത് ലോസ് ആഞ്ചലസിന്റെ കിഴക്കേ അതിര്‍ത്തിയിലുള്ള മോന്ററേ പാര്‍ക്ക് നഗരത്തിലെ ഡാന്‍സ് ബാറില്‍ ചൈനീസ് പുതുവല്‍സരാഘോഷത്തിനിടെ ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെടിവയ്പ്പില്‍ പത്ത് പേരാണ് കൊല്ലപ്പെട്ടത്. ഒമ്പതോളം പേര്‍ക്ക് പരിക്കേറ്റതായും മാധ്യമറിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആക്രമണസമയത്ത് ആയിരക്കണക്കിനുപേര്‍ സ്ഥലത്തുണ്ടായിരുന്നു. രണ്ട് ദിവസമാണ് ചൈനീസ് ലൂണാര്‍ പുതുവല്‍സരം ആഘോഷിക്കുന്നത്. മോന്ററേ പാര്‍ക്കില്‍ ചൈനീസ് വംശജര്‍ ഉള്‍പ്പെടെയുള്ള ഏഷ്യക്കാരാണു ഭൂരിപക്ഷം. 60,000 പേരാണു നഗരത്തിലുള്ളത്. ഈ വര്‍ഷം അമേരിക്കയില്‍ നടക്കുന്ന അഞ്ചാമത്തെ കൂട്ടക്കൊലയാണു മോണ്ടേറേ പാര്‍ക്കില്‍ അരങ്ങേറിയത്.