'എന്നെ അറസ്റ്റ് ചെയ്യാന്‍ നീക്കം, ലക്ഷ്യം ഗുജറാത്ത് തിരഞ്ഞെടുപ്പില്‍നിന്ന് മാറ്റിനിര്‍ത്തല്‍'- സിബിഐ ചോദ്യം ചെയ്യലിനെതിരേ മനീഷ് സിസോദിയ
ന്യൂഡല്‍ഹി: സിബിഐയുടെ ചോദ്യം ചെയ്യുന്നതിനുപിന്നില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് തന്നെ മാറ്റിനിര്‍ത്താനാണെന്ന് മനീഷ് സിസോദിയ. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഇന്ന് രാവിലെ പതിനൊന്നിന് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തുവച്ചാണ് ചോദ്യം ചെയ്യുക. തനിക്കെതിരേ വ്യാജ കേസുകള്‍ ചുമത്താനാണ് ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മനീഷ് സിസോദിയക്കെതിരേ കേസെടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചതിനുപിന്നില്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ നീക്കമുണ്ടെന്നും കഴിഞ്ഞ ദിവസം എഎപി നേതൃത്വം അവകാശപ്പെട്ടിരുന്നു. അതേ വാദമാണ് ഇപ്പോള്‍ സിസോദിയയും ഏറ്റെടുത്തിരിക്കുന്നത്.
ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സമന്‍സ് ഇന്നലെ അദ്ദേഹം കൈപ്പറ്റിയിരുന്നു. രാവിലെ പതിനൊന്നിന് സിബിഐ ആസ്ഥാനത്ത് എത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ടാണ് സിബിഐയുടെ നടപടി.
സിബിഐ മുന്‍കാലത്ത് നടത്തിയ പരിശോധനകളില്‍ ഒന്നും കണ്ടെത്താനായില്ലെന്നും അന്വേഷണ ഏജന്‍സിയുമായി പൂര്‍ണമായും സഹകരിക്കുമെന്നും സോസദിയ പറഞ്ഞു.
മനീഷ് സിസോദിയയ്ക്ക് സിബിഐ സമന്‍സ് ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള കളമൊരുങ്ങുകയാണെന്ന ആരോപണമവുമായി എഎപി നേതൃത്വം ഇന്നലെത്തന്നെ രംഗത്തെത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവ് സൗരഭ് ഭരദ്വാജാണ് സിബിഐക്കെതിരേ ആരോപണവുമായി രംഗത്തുവന്നത്. ഇപ്പോള്‍ സമന്‍സ് അയച്ചത് ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി ഭയന്നിരിക്കുകയാണെന്നും ഭരദ്വാജ് പരിഹസിച്ചു.