മണ്ണാര്‍ക്കാട്: കഴിഞ്ഞ ദിവസം നെല്ലിപ്പുഴ ഹില്‍വ്യു ടവറില്‍ നടന്ന തീപിടുത്തം അണക്കാന്‍ കഴിഞ്ഞെങ്കിലും ഫയര്‍ഫോഴ്‌സിനെ ചൊല്ലി മണ്ണാര്‍ക്കാട് രാഷ്ട്രീയ വിവാദം ആളിക്കത്തുകയാണ്. ഫയര്‍ഫോഴ്‌സിന്റെ വീഴ്ച കാരണമാണ് ഹില്‍ വ്യു ടവറിലെ തീപിടുത്തത്തിന്റെ വ്യാപ്തി വര്‍ദ്ധിച്ചത് എന്ന നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷഫീഖ് റഹ്മാന്റെ പ്രസ്താവനക്കെതിരെ കെടിഡിസി ചെയര്‍മാന്‍ കൂടിയായ സിപിഎം നേതാവ് പി കെ ശശി രംഗത്തെത്തിയിരുന്നു.അനാവശ്യമായി ഓരോ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കെതിരെ തോന്നിയത് പറയുന്നതാണ് കൗണ്‍സിലറുടെ സ്ഥിരം ശൈലിയെന്നും നഗരസഭ ചെയര്‍മാന് വേണ്ടി കുരക്കുന്നയാളാണ് ഈ കൗണ്‍സിലറെന്നും ആ കുര നിര്‍ത്തുന്നതാണ് നല്ലതെന്നുമാണ് പി കെ ശശി ഇന്നലെ പറഞ്ഞത്.
ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി മുസ്‌ലിം ലീഗ് രംഗത്തെത്തി. പദവിക്ക് നിരക്കാത്ത പ്രസ്താവനയാണ് പി കെ ശശി നടത്തിയതെന്നും കൗണ്‍സിലറെ പട്ടിയോടുപമിച്ചതിന് മാപ്പ് പറയണമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് ടി എ സലാം ആവശ്യപ്പെട്ടു.ഫയര്‍ഫോഴ്‌സിന് സംഭവിച്ച വീഴ്ചയാണ് കൗണ്‍സിലര്‍ ചൂണ്ടിക്കാണിച്ചതെന്നും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പറയുന്ന സിപിഎം മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ചത് ചട്ടപ്രകാരമാണോ എന്ന് ആദ്യം പരിശോധിക്കണമെന്നും സലാം ആവശ്യപ്പെട്ടു.