മന്‍സൂര്‍ വധം; അന്യായമായി പ്രതിചേര്‍ത്തതില്‍ മനംനൊന്താണ് രതീഷ് തൂങ്ങിമരിച്ചതെന്ന് 'ദേശാഭിമാനി'

മന്‍സൂര്‍ കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാവുന്നു എന്ന് വി ടി ബല്‍റാം ആരോപിച്ചു

Update: 2021-04-09 16:01 GMT

കണ്ണൂര്‍ : മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊല്ലപ്പെട്ട കേസില്‍ അന്യായമായി പ്രതിചേര്‍ത്തതില്‍ മനംനൊന്താണ് രണ്ടാം പ്രതിയായ രതീഷ് ആത്മഹത്യ ചെയ്തതെന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനി. മന്‍സൂര്‍ വധക്കേസില്‍ പോലിസ് തയ്യാറാക്കിയ എഫ്‌ഐആര്‍ ഏറെ സംശയമുയര്‍ത്തുന്നതാണെന്നും ലീഗ് കേന്ദ്രങ്ങള്‍ തയ്യാറാക്കി നല്‍കിയ പട്ടിക അനുസരിച്ചാണ് പോലിസ് പ്രതികളെ ചേര്‍ത്തതെന്നും ദേശാഭിമാനി പറയുന്നു.


'സംഭവവുമായി ബന്ധമില്ലാത്ത രതീഷിനെ മുസ്‌ലിം ലീഗുകാര്‍ ആസൂത്രിതമായി കേസില്‍പ്പെടുത്തുകയായിരുന്നു. കളളക്കേസില്‍കുടുങ്ങിയെന്ന് അറിഞ്ഞതോടെ മനസ്സുതകര്‍ന്ന യുവാവിനെ ബുധനാഴ്ച മുതല്‍ കാണാനില്ലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ ചില പൊലീസുകാര്‍ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നു ചോദിച്ച് അമ്മയോടും മറ്റു കുടുംബാംഗങ്ങളോടും തട്ടിക്കയറിയതായും ആക്ഷേപമുണ്ട്. ഈ വിവരവും അറിഞ്ഞതോടെയുണ്ടായ കടുത്ത മാനസിക സംഘര്‍ഷമാകാം ആത്മഹത്യക്കു പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.' എന്നാണ് ദേശാഭിമാനി ഓണ്‍ലൈനില്‍ വന്ന വാര്‍ത്ത. സിപിഎം അനുഭാവിയും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ രതീഷിനെ മറ്റെന്തോ വൈരാഗ്യം വച്ച് മുസ്‌ലിം ലീഗുകാര്‍ കള്ളക്കേസില്‍പ്പെടുത്തുകയായിരുന്നു എന്നും ദേശാഭിമാനി പറയുന്നു.


അതേസമയം മന്‍സൂര്‍ കൊലപാതകത്തിന്റെ തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാവുന്നു എന്ന് വി ടി ബല്‍റാം ആരോപിച്ചു. രണ്ടാം പ്രതി ആത്മഹത്യ ചെയ്ത വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് ബല്‍റാം ഗുരുതരമായ ഒരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും തെളിവ് നശിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാവുന്നു എന്നാണ് മനസ്സിലാക്കേണ്ടതെന്നും ഫെയ്‌സ്ബുക്കില്‍ എഴുതിയത്. മന്‍സൂര്‍ കൊലപാതകം ഉടന്‍ സിബിഐ അന്വേഷണത്തിന് വിടണമെന്നും വി ടി ബല്‍റാം ആവശ്യപ്പെട്ടു.




Tags:    

Similar News