തോല്‍ തിരുമാവലവന്റെ മനുസ്മൃതി പരാമര്‍ശം: പ്രതിഷേധ പരിപാടിക്ക് പുറപ്പെട്ട ഖുഷ്ബു അറസ്റ്റില്‍

Update: 2020-10-27 05:46 GMT

ചെന്നൈ: മനുസ്മൃതി പരാമര്‍ശത്തിനെതിരേ നടന്ന പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ബിജെപി നേതാവും നടിയുമായ ഖുശ്ബു അറസ്റ്റില്‍. ചിദംബരത്തായിരുന്നു പ്രതിഷേധ പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. അതില്‍ പങ്കെടുക്കാന്‍ പോകും വഴിയാണ് മുത്തുകാട് വച്ച് ഖുശ്ബുവിനെ പോലിസ് അറസ്റ്റ് ചെയ്തത്.

വിതുതലൈ ചിരുതൈക്കല്‍ കാച്ച പ്രസിഡന്റ് തോല്‍ തിരുമാവലവന്‍ മനുസ്മൃതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് ബിജെപി പ്രതിഷേധ പരിപാടി നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് വ്യാപനത്തിന്റെ പേരില്‍ പ്രതിഷേധ പരിപാടിയ്ക്ക് പോലിസ് അനുമതി നിഷേധിച്ചിരുന്നു.

'അറസ്റ്റുചെയ്തു.. പോലിസ് വാനില്‍ കൊണ്ടുപോവുകയാണ്. സ്ത്രീകളുടെ അന്തസ്സിനായി ഞങ്ങള്‍ അവസാന ശ്വാസം വരെ പോരാടും. പ്രധാനമന്ത്രി എല്ലായ്‌പ്പോഴും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു, ഞങ്ങള്‍ അദ്ദേഹത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഞങ്ങള്‍ ഒരിക്കലും വഴങ്ങുകയില്ല. ഭാരത് മാതാ കി ജയ്!'- ഖുശ്ബു ട്വീറ്റ് ചെയ്തു.

സനാധന ധര്‍മം സ്ത്രീകളെ മോശമായി ചിത്രീകരിക്കുകയും അവരെ കുറച്ചുകാണുകയുംചെയ്യുന്നുവെന്നായിരുന്നു പെരിയാറും ഇന്ത്യന്‍ രാഷ്ട്രീയവും എന്ന വെബിനാറില്‍ പങ്കെടുത്തുകൊണ്ട് തോല്‍ തിരുമാവലവന്‍ അഭിപ്രയാപ്പെട്ടത്. മനുസ്മൃതിയില്‍ നിന്ന് അദ്ദേഹം നിരവധി ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി. ഇതിനെതിരേ തമിഴ്‌നാട് സര്‍ക്കാര്‍ കേസെടുത്തു. പ്രതിപക്ഷ പാര്‍ട്ടികള്‍ തിരുമാവലവന് പിന്തുണയായെത്തിയിരുന്നു.

തോല്‍ തിരുമാവലവന്‍ ചിദംബരം നിയോജകമണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗവും തമിഴ്നാട്ടിലെ യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സിന്റെ ഭാഗവുമാണ്.

Tags:    

Similar News