കല്‍പറ്റ: തൊണ്ടര്‍നാട് പോലിസ് സ്‌റ്റേഷന്‍ പരിധിയിലെ മട്ടിലയത്തിന് സമീപം പന്നിപ്പാട് കോളനിയില്‍ കഴിഞ്ഞ ദിവസം ആയുധധാരികളായ മാവോ വാദികളെത്തിയെന്ന് നാട്ടുകാര്‍. സമീപത്തെ തോടില്‍ മീന്‍ പിടിക്കുവാന്‍ പോയവരാണ് ഇവരെ കണ്ടതത്രെ. മാവോ വാദികള്‍ കോളനിയിലെ വിശേഷങ്ങള്‍ തിരക്കുകയും മറ്റും ചെയ്ത ശേഷം മടങ്ങുകയും രാത്രിയോടെ വീണ്ടും കോളനിയിലേക്ക് ചെല്ലുകയുമായിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
ആയുധ ധാരികളായ ഒരു പുരുഷനും, 3 സ്ത്രീകളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. അവിടെ നിന്നും മൊബൈല്‍ ഫോണും, പവര്‍ ബാങ്കും ചാര്‍ജ് ചെയ്ത ശേഷം ചായ ചോദിച്ചു വാങ്ങി കുടിക്കുകയും, അരിയും പലവ്യഞ്ജനങ്ങളും വാങ്ങി തിരികെ പോകുകയുമായിരുന്നെന്ന് കോളനിക്കാര്‍ പറയുന്നു.
മാവോ വാദികളായ സുന്ദരി, സന്തോഷ് തുടങ്ങിയവരാണ് വന്നതെന്നാണ് പോലിസിന് ലഭിച്ച വിവരം. സംഭവത്തെ തുടര്‍ന്ന് തൊണ്ടര്‍നാട് പോലിസ് യുഎപിഎ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു. അതേസമയം, ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമില്ല.