ഡല്‍ഹി കോളജ് അധ്യാപകന്റെ മാര്‍ക്ക് ജിഹാദ്: പരാമര്‍ശം വര്‍ഗീയ ചേരിതിരിവുണ്ടാക്കുക ലക്ഷ്യമിട്ടെന്ന് മന്ത്രി ആര്‍ ബിന്ദു

കിരോഡി മാല്‍ കോളജിലെ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ രാകേഷ് പാണ്ഡെ ആണ് വിവാദ പ്രസ്താവന നടത്തിയത്. ആര്‍എസ്എസ് ബന്ധമുള്ള അദ്ധ്യാപകസംഘടനയുടെ മുന്‍ പ്രസിഡന്റാണ് പാണ്ഡെ.

Update: 2021-10-10 06:16 GMT

തിരുവനന്തപുരം: കേരളത്തില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുക ലക്ഷ്യമിട്ടാണ് ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ മാര്‍ക്ക് ജിഹാദ് പരാമര്‍ശം നടത്തിയതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. മാര്‍ക്ക് ജിഹാദ് പരാമര്‍ശം നടത്തിയ ഡല്‍ഹി സര്‍വകലാശാല അധ്യാപകന്‍ രാകേഷ് കുമാര്‍ പാണ്ഡെക്കെതിരെ നടപടി എടുക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കേരളം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് കേരളം കത്തയച്ചത്.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദാണെന്നായിരുന്നു വിവാദ പരാമര്‍ശം. വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ഫണ്ട് കിട്ടുന്നു എന്നും അധ്യാപകന്‍ പറഞ്ഞിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ഡല്‍ഹി സര്‍വകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു, രാംജാസ്, മിറാണ്ട, എസ്ആര്‍സിസി തുടങ്ങി പ്രധാന കോളജുകളിലെ ആദ്യ പട്ടികയില്‍ ഇടംനേടിയതില്‍ കൂടുതലും മലയാളി വിദ്യാര്‍ത്ഥികളായിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി സര്‍വകലാശാലയില്‍ പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദാണെന്ന് അധ്യാപകന്‍ ആരോപിച്ചത്.

പ്രഫ. രാകേഷ് കുമാര്‍ പാണ്ഡെയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കത്തയച്ചിരുന്നു.

കിരോഡി മാല്‍ കോളജിലെ ഫിസിക്‌സ് വിഭാഗം അസോസിയേറ്റ് പ്രഫസര്‍ രാകേഷ് പാണ്ഡെ ആണ് വിവാദ പ്രസ്താവന നടത്തിയത്. ആര്‍എസ്എസ് ബന്ധമുള്ള അദ്ധ്യാപകസംഘടനയുടെ മുന്‍ പ്രസിഡന്റാണ് പാണ്ഡെ.

Tags:    

Similar News