'മാര്‍ക്ക് ജിഹാദ്'; ഡല്‍ഹി സര്‍വകലാശാല അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് മന്ത്രി ശിവന്‍കുട്ടി കേന്ദ്രത്തിന് കത്തയച്ചു

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് പ്രഫസര്‍ നടത്തിയതെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

Update: 2021-10-10 01:01 GMT

തിരുവനന്തപുരം: 'മാര്‍ക്ക് ജിഹാദ്' പരാമര്‍ശം നടത്തിയ ഡല്‍ഹി സര്‍വകലാശാല കിരോരി മാള്‍ കോളജിലെ പ്രഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്‌ക്കെതിരേ നടപടി ആശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയ്ക്കും ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കും കത്തയച്ചു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കെതിരേയുള്ള വര്‍ഗീയതയും വംശീയതയും നിറഞ്ഞ പരാമര്‍ശമാണ് പ്രഫസര്‍ നടത്തിയതെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ കാരണമായേക്കാവുന്ന പ്രസ്താവനയാണ് പ്രഫസര്‍ നടത്തിയതെന്ന് മന്ത്രി വ്യക്തമാക്കി. ക്രിമിനല്‍ നിയമപ്രകാരവും വകുപ്പുതലത്തിലും പ്രഫസര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചു.

നേരത്തെ, പാണ്ഡെയെ പുറത്താക്കണം എന്നാവശ്യപ്പെട്ട് ഇടത് വിദ്യാര്‍ത്ഥി സംഘടനകളും മുന്നോട്ട് വന്നിരുന്നു. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം കിട്ടുന്നതിന് പിന്നില്‍ 'മാര്‍ക്ക് ജിഹാദാ'ണെന്നും വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഫണ്ട് കിട്ടുന്നു എന്നുമായിരുന്നു പാണ്ഡെയുടെ വിവാദ പരാമര്‍ശം.



Tags:    

Similar News