യുപി സംഭവം: കുട്ടിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് വിദ്യാഭ്യസ മന്ത്രി

Update: 2023-08-28 08:21 GMT
തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ അധ്യാപിക സഹപാഠികളെക്കൊണ്ട് തല്ലിച്ച മുസ് ലിം വിദ്യാര്‍ഥിയെ

കേരളത്തിലേക്ക് സ്വാഗതം ചെയ്ത് വിദ്യാഭ്യസ മന്ത്രി വി ശിവന്‍കുട്ടി. മര്‍ദ്ദനത്തിനിരയായ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും മാതാപിതാക്കളും സമ്മതിച്ചാല്‍ വിദ്യാര്‍ഥിയെ കേരളത്തില്‍ പഠിപ്പിക്കാന്‍ സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും തയ്യാറാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളിലെ സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. ''മതത്തിന്റെ പേരില്‍ മറ്റു വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപികയുടെ നിര്‍ദേശപ്രകാരം കുട്ടിയെ ഭീകരമായി മര്‍ദിക്കുന്നതു സാമൂഹികമാധ്യമങ്ങളിലൂടെ നാം കണ്ടതാണ്. നിസ്സാര വകുപ്പുകള്‍ ചുമത്തിയാണു പോലിസ് കേസെടുത്തത്. മര്‍ദ്ദിച്ചത് ശരിയാണെന്ന നിലപാടിലാണ് അധ്യാപിക. കുട്ടിയെ സംബന്ധിച്ചിടത്തോളം പഠിത്തം അനിശ്ചിതത്വത്തിലാണ്. മണിപ്പുര്‍ കലാപത്തില്‍ വീട് നഷട്‌പ്പെട്ട് മാതാപിതാക്കളോടൊത്ത് ക്യാംപില്‍ താമസിക്കുന്ന കുട്ടിയുടെ ബന്ധു തിരുവനന്തപുരത്തുണ്ടായിരുന്നു. അവരുടെ ആവശ്യപ്രകാരം ടിസി പോലുമില്ലാതെ ആ വിദ്യാര്‍ഥിക്കു തൈക്കാട് സ്‌കൂളില്‍ പ്രവേശനം നല്‍കി. ഇതുപോലെ യുപിയിലെ ആ കുട്ടിയെ കേരളം സ്വാഗതം ചെയ്യുകയാണ്. കേരളത്തില്‍ പഠിക്കാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കും. ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് യുപി മുഖ്യമന്ത്രിക്കു കത്തയച്ചിരുന്നു. എന്നാല്‍ മറുപടി കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

    അതിനിടെ, വിദ്യാര്‍ഥിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച അധ്യാപിക തൃപ്ത ത്യാഗിക്കെതിരേ പ്രതിഷേധത്തിനൊടുവില്‍ പോലിസ് കേസെടുത്തു. ആദ്യം പരാതിയില്ലെന്ന് പിതാവ് അറിയിച്ചെങ്കിലും വിവിധ സംഘടനകള്‍ പിന്തുണയുമായെത്തിയതോടെ പരാതി നല്‍കാന്‍ രക്ഷിതാക്കള്‍ തയ്യാറായി. എന്നാല്‍, ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്നും ആരോപണമുണ്ട്. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ സ്‌കൂള്‍ അടച്ചിടാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.

Tags:    

Similar News