കലോത്സവ സ്വാഗതഗാനം: 'ദൃശ്യാവിഷ്കാരം തയാറാക്കിയ സംഘത്തിന് ഇനി അവസരമില്ല': മന്ത്രി

Update: 2023-01-10 11:03 GMT

തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവ സ്വാഗതഗാന വിവാദത്തിൽ നടപടിയുമായി സംസ്ഥാന സർക്കാർ. സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തിൽ ഇനി അവസരം നൽകില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. കലോത്സവ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട് പരിശോധിച്ച് നടപടിയെടുക്കും. വേദിയിൽ അവതരപ്പിക്കുന്നതിന് മുൻപ് ദൃശ്യാവിഷ്കാരം പരിശോധിച്ചിരുന്നു. എന്നാൽ ആ സമയത്ത് വിവാദമുണ്ടാക്കിയ വേഷം ഉണ്ടായിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. സർക്കാർ നിലപാടിന് വിരുദ്ധമായി ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വ്യക്തമാക്കി.

കലോത്സവ ഉദ്ഘാടനച്ചടങ്ങിലവതരിപ്പിച്ച സ്വാഗതഗാനത്തിലെ ദൃശ്യങ്ങളിൽ, മുസ്‌ലിം വേഷധാരിയെ ഭീകരവാദിയായി ചിത്രികരിച്ചതാണ് വിവാദമയത്. മുസ്‌ലിം സംഘടനകൾ ഉയർത്തിയ ആക്ഷേപം വലിയ ചർച്ചയായതോടെ പരിശോധിക്കുമെന്ന് ബന്ധപ്പെട്ട മന്ത്രിമാർ വിശദീകരിച്ചു. പിന്നാലെ നടപടി ആവശ്യപ്പെട്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അടക്കം രംഗത്തെത്തി. ഭീകരവാദിയെ ചിത്രീകരിക്കാൻ മുസ്‌ലിം വേഷധാരിയായ ഒരാളെ അവതരിപ്പിച്ചത് യഥാർത്ഥത്തിൽ എൽഡിഎഫ് സർക്കാരും കേരളീയ സമൂഹവും ഉയർത്തിപിടിക്കുന്ന പ്രഖ്യാപിത നിലപാടിനും സമീപനത്തിനും വിരുദ്ധമാണെന്നാണ് സിപിഎം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. തീവ്രവാദവും ഭീകരതയും ഏതെങ്കിലും ഒരു വിഭാഗവുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ഇങ്ങനെയൊരു ചിത്രീകരണം വന്നതെങ്ങനെയെന്ന് പരിശോധിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇതിനകം വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ടെന്നും നടപടികൾ സ്വീകരിക്കണമെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

Tags:    

Similar News