മാത്തൂര്‍ യു പി മുഹമ്മദ് മുസ്‌ല്യാര്‍ നിര്യാതനായി
ഇദ്ദേഹത്തിന്റേതായി നിരവധി കൃതികള്‍ പുറത്തുവന്നിട്ടുണ്ട്. ഉസ്താദിന്റെ മീന്‍ ബൈത് വളരെ പ്രസിദ്ധവും ശ്രദ്ധേയവുമാണ്.
പൊന്നാനി: അറബി കവിയും എഴുത്തുകാരനുമായ മാത്തൂര്‍ യു പി മുഹമ്മദ് മുസ്‌ല്യാര്‍ (77) എന്ന മാത്തൂര്‍ ഉസ്താദ് നിര്യാതനായി.1942 ഫെബ്രുവരി 23ന് പൊന്നാനിക്കടുത്ത മാത്തൂരിലായിരുന്നു ജനനം. ശൈഖ് ഹസന്‍ ഹസ്‌റത്ത് അടക്കമുള്ള പ്രമുഖ പണ്ഡിതരുടെ ഉസ്താദായ സൂഫി പണ്ഡിതന്‍ നൈതം പുള്ളി മുഹമ്മദ് അബ്ദുല്ലത്തീഫ് എന്ന ബാപ്പുട്ടി മുസ്‌ല്യാര്‍ പിതാവും ചെമ്പുലങ്ങാട് മൂപ്പന്‍ എന്ന പേരില്‍ പ്രസിദ്ധനായിരുന്ന സൂഫിവര്യന്റെ മകന്‍ പ്രശസ്ത പ്രഭാഷകനും സൂഫിവര്യനുമായിരുന്ന കൊരക്കോട്ടില്‍ അഹമ്മദ് കുട്ടി മുസ്‌ല്യാരുടെ മകള്‍ ഫാത്തിമ ഹജ്ജുമ്മ മാതാവുമാണ്.
ഉമ്മയുടെ നേതൃത്വത്തില്‍ നടന്നിരുന്ന ഓത്ത് പള്ളിയിലും അതളൂര്‍ എഎല്‍പി സ്‌കൂളിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കൈത്തക്കരയില്‍ പിതാവിന്റെ ദര്‍സില്‍ പത്ത് വര്‍ഷം പഠിച്ചു. പിതാവിന്റെ മരണ ശേഷം വിവിധയിടങ്ങളിലായി ദര്‍സ് പഠനം പൂര്‍ത്തിയാക്കി.
1962ല്‍ പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം അറബിക് കോളജില്‍ ചേര്‍ന്നു. 1964ലാണ് ഉപരിപഠനത്തിനായി പട്ടിക്കാട് ജാമിഅയില്‍ ചേര്‍ന്നത്. 1967ല്‍ ഫൈസി ബിരുദം നേടി. ജാമിഅയിലെ പഠനത്തിന ശേഷം പട്ടിക്കാട് പഴയ ജുമാ മസ്ജിദില്‍ മുദരിസായി. പിന്നീട് മംഗലം, തെക്കെ പുന്നയൂര്‍, കുനിയ, കാച്ചിനിക്കാട്, ചാവക്കാട് അങ്ങാടിത്താഴം, പുതുമലശേരി തുടങ്ങിയ സ്ഥലങ്ങളില്‍ മുദരിസും ഖതീബുമായി സേവനം ചെയ്തു.
ഇദ്ദേഹത്തിന്റേതായി നിരവധി കൃതികള്‍ പുറത്തുവന്നിട്ടുണ്ട്. ഉസ്താദിന്റെ മീന്‍ ബൈത് വളരെ പ്രസിദ്ധവും ശ്രദ്ധേയവുമാണ്.സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്.മാത്തൂര്‍ മഹല്ല് ജമാ അത് കമ്മിറ്റിയുടെ തുടക്കം മുതല്‍ അതിന്റെ പ്രസിഡന്റായിരുന്നു.
ഭാര്യ: പരേതയായ ഖദീജ കുട്ടി ഹജ്ജുമ്മ. മക്കള്‍: ഫാത്വിമ സാഹിറ, പരേതനായ മുഹമ്മദ് സ്വാലിഹ് ഹസനി, നഫീസത്ത്, ശാക്കിറ, അബ്ദുസ്സലാം, ശമീമ, മുഹമ്മദ് ശാഫി അല്‍ ഹുദവി. മരുമക്കള്‍: അബ്ദുല്‍ റശീദ് അല്‍ ഖാസിമി നീലിയാട്, അസ്ഗറലി സഖാഫി മറ്റത്തൂര്‍, ഉമര്‍ മുസ്ലിയാര്‍ മാരായം കുന്ന്, മുഹമ്മദ് അല്‍ ഹസനി കല്ലൂര്‍, മൈമൂനത്ത് പുതുപൊന്നാനി, ഹുസ്‌ന പടിഞ്ഞാറങ്ങാടി, ഹഫ്‌സ മാനാമ്പറ.
സഹോദരങ്ങള്‍: പരേതയായ റുഖിയ, ഖദീജ, ആയിശ.അബ്ദുര്‍റഹിമാന്‍ മൗലവി.