കാര്‍ഷിക നിയമങ്ങളെപ്പോലെ സിഎഎ നിയമവും പിന്‍വലിക്കണമെന്ന് മൗലാനാ സയ്യിദ് അര്‍ഷദ് മദനി

Update: 2021-11-20 02:51 GMT

ന്യൂഡല്‍ഹി: മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തെ ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് ദേശീയ അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി സ്വാഗതം ചെയ്തു.

ഇതിന് നമ്മുടെ കര്‍ഷകര്‍ ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. കാരണം ഏറെ പ്രയാസങ്ങള്‍ സഹിച്ചാണ് അവര്‍ ഈ വിജയം കൈവരിച്ചിരിക്കുന്നത്. രാജ്യത്തെ മറ്റെല്ലാ പ്രസ്ഥാനങ്ങളെയും പോലെ കര്‍ഷക പ്രസ്ഥാനത്തെയും കീഴ്‌പ്പെടുത്താന്‍ എല്ലാ വിധ ശ്രമങ്ങളും നടത്തി. കര്‍ഷകര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ഗൂഢാലോചന നടത്തുക വരെ ചെയ്തു. പക്ഷേ രാജ്യത്തെ കര്‍ഷകര്‍ എല്ലാ പ്രയാസങ്ങളും പീഡനങ്ങളും സഹിച്ചുകൊണ്ട് തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നു. ന്യായമായ ലക്ഷ്യത്തിനായി സത്യസന്ധതയോടും ക്ഷമയോടും കൂടി പ്രക്ഷോഭം നടത്തിയാല്‍ ഒരുനാള്‍ വിജയം കൈവരിക്കുമെന്ന സത്യം ഒരിക്കല്‍ക്കൂടി ബോധ്യപ്പെട്ടിരിക്കുകയാണ്. വയോവൃദ്ധകളുള്‍പ്പെടെയുള്ള ഒരു സമൂഹം സി എ എ ക്കെതിരെ നടത്തിയ ശക്തമായ പ്രക്ഷോഭത്തില്‍ നിന്നും ലഭിച്ച ഊര്‍ജ്ജമാണ് കര്‍ഷക പ്രക്ഷോഭം ഇത്രമാത്രം വിജയത്തിലേക്കെത്തിച്ചത് എന്ന യാഥാര്‍ത്ഥ്യം നിഷേധിക്കാനാവാത്തതാണ്- മൗലാനാ മദനി തുടര്‍ന്നു.

പ്രക്ഷോഭത്തോടൊപ്പം ചേര്‍ന്നവര്‍ പോലും കഠിനമായി അക്രമിക്കപ്പെട്ടു. പലരെയും കള്ളക്കേസുകള്‍ ചുമത്തി അറസ്റ്റ് ചെയ്തു. പക്ഷെ പ്രക്ഷോഭത്തെ തകര്‍ക്കാനോ അടിച്ചമര്‍ത്താനോ കഴിഞ്ഞില്ല. നമ്മുടെ രാജ്യത്തിന്റെ ഭരണം ജനാധിപത്യപരമാണെന്നും അത് ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നുമാണ് നമ്മുടെ പ്രധാനമന്ത്രി പറയുന്നതെങ്കില്‍ മുസ്‌ലിംകള്‍ക്കെതിരെ കൊണ്ട് വന്ന സി എ എ ഉള്‍പ്പെടെയുള്ള എല്ലാ ആക്ടുകളും പിന്‍വലിക്കാന്‍ പ്രധാനമന്ത്രി ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യവും ജനങ്ങളുടെ ശക്തിയുമാണ് പരമപ്രധാനമെന്നും ജനാധിപത്യത്തില്‍ ഓരോ വ്യക്തിക്കും അവരവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും ഈ പിന്‍വലിക്കല്‍ തീരുമാനത്തിലൂടെ തെളിഞ്ഞുവെന്നും മൗലാന മഅ്ദനി പറഞ്ഞു. സര്‍ക്കാരും പാര്‍ലമെന്റുമാണ് ഏറ്റവും വലിയ ശക്തിയെന്ന് കരുതിയവര്‍ക്ക് തെറ്റിയെന്നും ജനാധിപത്യത്തിലെ യഥാര്‍ത്ഥ ശക്തി ജനങ്ങളാണെന്നും ഈ പ്രഖ്യാപനം നമ്മെ പഠിപ്പിച്ചു. കര്‍ഷകരുടെ രൂപത്തില്‍ ജനങ്ങള്‍ തങ്ങളുടെ ശക്തി ഒരിക്കല്‍ കൂടി തെളിയിച്ചു. ഒരു ജനകീയ പ്രസ്ഥാനത്തെയും ബലപ്രയോഗത്തിലൂടെ തകര്‍ക്കാനാവില്ലെന്ന് ഈ വിജയം നമ്മെ പഠിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News