ബാലഗോകുലം പരിപാടിയില്‍ മേയര്‍: സിപിഎം രാഷ്ട്രീയ സത്യസന്ധത കാണിക്കണം: എസ്ഡിപിഐ
കോഴിക്കോട്: ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത മേയര്‍ ഡോ. ബീന ഫിലിപ്പ് ഇത്തരം പരിപാടികളില്‍ പങ്കെടുക്കുന്നതിന് പാര്‍ടി വിലക്കില്ലെന്ന് പറഞ്ഞിരിക്കെ സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന പരിശോധിക്കപ്പെടണണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
നേരത്തെ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ജോര്‍ജ് എം തോമസും സംഘപരിവാരത്തിന്റെ രാഷ്ട്രീയഅജണ്ടയായ ലവ് ജിഹാദിനെ അനുകൂലിച്ച് സംസാരിച്ചിരുന്നു. പാര്‍ടി നിലപാട് ആത്മാര്‍ത്ഥതയോടെയാണെങ്കില്‍ മേയറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റുകയാണ് വേണ്ടത്. മേയറെ തിരുത്തുന്ന സിപിഎം ജില്ലാ സെക്രട്ടറി ഇത്തരം സ്ഥാനങ്ങളില്‍ ഇരിക്കാന്‍ നിശ്ചയിക്കുന്നത് പാര്‍ടി നിലപാട് അറിയാത്തവരെയാണോയെന്ന് കൂടി വ്യക്തമാക്കണം.
ഒരു സമുദായത്തിന് നേരെ ആറാം നൂറ്റാണ്ടിലെ അപരിഷകൃതര്‍ എന്ന് ആക്ഷേപം ഉന്നയിക്കുന്ന പാര്‍ട്ടി നേതാക്കള്‍ ആര്‍എസ്എസ് വേദിയില്‍ പ്രത്യക്ഷപ്പെടുന്നത് യാദൃശ്ചികമല്ല. കേരളത്തില്‍ വര്‍ഗീയതക്ക് വളംവച്ചുകൊടുക്കുന്ന സമീപനം സിപിഎം അവസാനിപ്പിക്കണം.
ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷെമീര്‍, ട്രഷറര്‍ ടി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍ പങ്കെടുത്തു.