കൊച്ചി: മീഡിയ വണ്‍ ചാനലിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ ചാനല്‍ മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ഇന്ന് വിധി പറയും. രാവിലെ 10.15നായിരിക്കും വിധി പറയുക. കഴിഞ്ഞ ദിവസം കേസില്‍ വാദം പൂര്‍ത്തിയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് വിശദമായ വാദമാണ് ഹൈക്കോടതിയില്‍ നടന്നത്. ചാനല്‍ മാനേജ്‌മെന്റ് നല്‍കിയ ഹരജിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയനും കക്ഷി ചേര്‍ന്നിരുന്നു.
ചാനല്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അനുമതി നിഷേധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി നിയമ വിരുദ്ധമാണെന്നുമായിരുന്നു മീഡിയാവണ്‍ ചാനലിനായി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. ചാനലിന്റെ പ്രവര്‍ത്തനാനുമതി പുതുക്കാനും സുരക്ഷാ ക്ലിയറന്‍സിനുമായി അപേക്ഷ നല്‍കിയെങ്കിലും ഇത് നിരസിച്ചതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നില്ലെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു.
ഒരു തവണ ലൈസന്‍സ് നല്‍കിയാല്‍ അത് ആജീവനാന്തമായി കാണാന്‍ ആകില്ലെന്നും സുരക്ഷാ വിഷയങ്ങളില്‍ കാലാനുസൃത പരിശോധനകള്‍ ഉണ്ടാകുമെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭിഷകന്റെ വാദം.
ചാനലിന് അനുമതി നിഷേധിക്കാനിടയാക്കിയ ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകള്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറി. ഇത് പരിശോധിച്ച ശേഷമായിരിക്കും ഇന്ന് തുറന്ന കോടതിയില്‍ വിധി പറയുക.