മീഡിയവണ്‍ സംപ്രേഷണ വിലക്ക്;വിധി നിരാശാജനകം: ഇ ടി മുഹമ്മദ് ബഷീര്‍

നീതി പുലരുംവരെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും കൂടെയുണ്ടാകുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു

Update: 2022-02-08 09:20 GMT
കോഴിക്കോട്:മീഡിയവണ്‍ സംപ്രേഷണ വിലക്ക് ശരിവച്ച കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഏറെ നിരാശാജനകമാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി.മീഡിയവണ്ണിന്റെ നിയമപോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായും നീതി പുലരുംവരെ ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും കൂടെയുണ്ടാകുമെന്നും ബഷീര്‍ പറഞ്ഞു.

കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചാനല്‍ താത്കാലികമായി സംപ്രേഷണം നിര്‍ത്തിവച്ചു. സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ മീഡിയവണ്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും.കേസില്‍ കക്ഷിചേര്‍ന്ന കേരള പത്രപ്രവര്‍ത്തക യൂനിയനും മേല്‍ക്കോടതിയെ സമീപിക്കും.

മീഡിയവണ്‍ ചാനലിന്റെ ലൈസന്‍സ് പുതുക്കിനല്‍കേണ്ടതില്ലെന്ന് തീരുമാനിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകള്‍ പരിശോധിച്ചാണ് ജസ്റ്റിസ് എന്‍ നഗരേഷ് വിധി പറഞ്ഞത്. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരം പരിശോധിച്ച ഉദ്യോഗസ്ഥ സമിതിയാണ് സുരക്ഷാ അനുമതി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്ന് കോടതി വ്യക്തമാക്കി.സുരക്ഷാ പ്രശ്‌നങ്ങളായതിനാല്‍, ലൈസന്‍സ് പുതുക്കാത്തതിന്റെ കാരണം ചാനലിനെ അറിയിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു. അപ്പീല്‍ നല്‍കാന്‍ രണ്ടു ദിവസം സമയം അനുവദിക്കണമെന്ന മീഡിയവണിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

Tags:    

Similar News