മുന്‍ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ട് മകള്‍ സുപ്രിം കോടതിയില്‍

അനുച്ഛേദം 370 റദ്ദു ചെയ്തതിനെ തുടര്‍ന്ന് ആഗസ്റ്റ് 5 മുതല്‍ മുഫ്തിയും ഉമര്‍ അബ്ദുല്ലയും ജയിലിലാണ്.

Update: 2020-02-26 11:29 GMT

ന്യൂഡല്‍ഹി: മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ മെഹബൂബ മുഫ്തിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മകള്‍ ഇല്‍ടിജ മുഫ്തി സുപ്രിം കോടതിയെ സമീപിച്ചു. പൊതു സുരക്ഷാ നിയമമനുസരിച്ചാണ് മെഹബൂബ മുഫ്തിയെ കശ്മീര്‍ പോലിസ് കസ്റ്റഡിയില്‍ വച്ചിരിക്കുന്നത്. ഫെബ്രുവരി  5 ലെ പൊതുസുരക്ഷാ നിയമമനുസരിച്ചുള്ള ഉത്തരവ് കശ്മീര്‍ പോലിസിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ തെറ്റായ രീതിയില്‍ തയ്യാറാക്കിയതാണെന്ന് ഇല്‍ട്ടിജ ആരോപിച്ചു.

ചില കാര്യങ്ങളിലുളള അഭിപ്രായം മാത്രം പരിഗണിച്ചാണ് മുഫ്തിയെ അറസ്റ്റ് ചെയ്തതെന്ന് മകള്‍ വാദിച്ചു. മുഫ്തി ഏതെങ്കിലും തരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ നടത്തിയതായി പോലിസും പറയുന്നില്ല.

കശ്മീരിന് സ്വയംനിര്‍ണയാവകാശം നല്‍കുന്ന അനുച്ഛേദം 370 റദ്ദുചെയ്യുന്നതിനും മുത്തലാഖ് വിധിക്കും മെഹബൂബ മുഫ്തി എതിരായിരുന്നു. അങ്ങനെ ഒരു അഭിപ്രായം വച്ചുപുലര്‍ത്തുന്നതു വഴി സമൂഹത്തില്‍ ഏതെങ്കിലും തരത്തില്‍ സംഘര്‍ഷമുണ്ടാവാനുള്ള വിദൂര സാധ്യത പോലുമില്ല. അനുച്ഛേദം 370 റദ്ദു ചെയ്ത നടപടി പരിശോധിക്കാന്‍ സുപ്രിം കോടതി തന്നെ ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്തെ നിരവധി ഭരണഘടനാ വിദഗ്ധരും ഗവേഷകരും ഈ നിയമം ഭരണഘടനാവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടവരാണ്. അത്തരമൊരു അഭിപ്രായം വച്ചുപുലര്‍ത്തുന്നതില്‍ നിന്ന് മുഫ്തിയെ മാത്രമാണ് തടഞ്ഞത്- ഇല്‍ട്ടിജ വാദിച്ചു.

അനുച്ഛേദം 370 റദ്ദു ചെയ്തതിനെ തുടര്‍ന്ന് ആഗസ്റ്റ് 5 മുതല്‍ മുഫ്തിയും ഉമര്‍ അബ്ദുല്ലയും ജയിലിലാണ്. 

Tags:    

Similar News