മെസ്സി ബാഴ്സലോണയില്‍ തുടരും
കോപ്പ അമേരിക്ക ടൂര്‍ണമെന്റ് കഴിഞ്ഞതിനു ശേഷം ബാഴ്സലോണയുമായുള്ള കരാറിനെ കുറിച്ച് വ്യക്തമാക്കുമെന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്
ബ്യൂണസ് അയേഴ്സ്: സൂപ്പര്‍ താരം ലയണല്‍ മെസ്സി ബാഴ്സലോണയുമായി കരാര്‍ പുതുക്കിയെന്ന് റിപോര്‍ട്ട്. ക്ലബുമായി രണ്ട് വര്‍ഷത്തെ കരാറിലാണ് നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നതെങ്കിലും അല്പം കൂടി ദീര്‍ഘിച്ച കരാറിനാണ് മെസ്സി സമ്മതിച്ചിരിക്കുന്നത്. കരാര്‍ അഞ്ച് വര്‍ഷത്തേക്കാണെന്നും സൂചനയുണ്ട്.ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.
ബോര്‍ഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ മെസ്സി ബാഴ്സലോണ വിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍, സാങ്കേതിക വശങ്ങള് ചൂണ്ടിക്കാട്ടി ജോസപ് ബാര്‍തോമ്യു പ്രസിഡന്റായ ബോര്‍ഡ് മെസ്സിയെ ക്ലബില്‍ നിലനിര്‍ത്തിയിരുന്നു. ഇതിനു പിന്നാലെ ബാര്തോമ്യുവിനെയും ബോര്‍ഡിനെയും വിമര്‍ശിച്ച മെസ്സി കരാര്‍ അവസാനിക്കുമ്പോള്‍ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോര്‍ഡിന്റെ രാജിയിലേക്ക് വഴിതെളിച്ചു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞെങ്കിലും തന്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസ്സി പറഞ്ഞിരുന്നു.
കോപ്പ അമേരിക്ക ടൂര്‍ണമെന്റ് കഴിഞ്ഞതിനു ശേഷം ബാഴ്സലോണയുമായുള്ള കരാറിനെ കുറിച്ച് വ്യക്തമാക്കുമെന്നായിരുന്നു മെസ്സി പറഞ്ഞിരുന്നത്. മെസ്സിയുടെ നിലവിലെ ശമ്പളം പരിഗണിക്കുമ്പോള്‍ അത് ലാ ലിഗ സാലറി ക്യാപ്പിനു പുറത്തുപോകുമെന്നും ബാഴ്സ പുതുതായി സൈന്‍ ചെയ്ത സെര്‍ജിയോ അഗ്യൂറോ അടക്കമുള്ള താരങ്ങളെ കളിപ്പിക്കാന്‍ കഴിയില്ലെന്നുമുള്ള പ്രതിസന്ധി നിലനിന്നിരുന്നു. ഇത് പരിഗണിച്ച് മെസി 50 ശതമാനം ശമ്പളം കുറയ്ക്കാമെന്ന് സമ്മതിച്ചതായും റിപോര്‍ട്ടുണ്ട്.