സംരംഭകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അവസരങ്ങള്‍ തുറന്നു നല്‍കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: അവസരങ്ങള്‍ തേടി അലയുന്ന സംരംഭകര്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ അവസരങ്ങള്‍ തുറന്നു നല്‍കുകയാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കോഴിക്കോട് കോര്‍പ്പറേഷന്റെ സമഗ്ര തൊഴില്‍ദാന പദ്ധതിയായ വി ലിഫ്റ്റിന്റെയും വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ സംരംഭകരെ സഹായിക്കുന്നതിനു വേണ്ടി പഞ്ചായത്തു തലത്തില്‍ ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേളകള്‍ സംഘടിപ്പിച്ചു വരുന്നു. ബാങ്കുകള്‍ വഴി സംരംഭകര്‍ക്ക് എളുപ്പത്തില്‍ ലോണുകള്‍ ലഭ്യമാക്കാനും വിവിധ വകുപ്പുകളുടെ പദ്ധതികളെക്കുറിച്ച് മനസിലാക്കാനും മേള സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ സി.പി മുസാഫര്‍ അഹമ്മദ് അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഒ.പി ഷിജിന സംരംഭക വര്‍ഷം പദ്ധതി വിവരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ലോണ്‍ മേളയെക്കുറിച്ചും വിവിധ സ്‌കീമുകളെക്കുറിച്ചും ഇന്റസ്ട്രീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം ശ്രീജിത്ത് വിശദീകരിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്റെ പദ്ധതിയെക്കുറിച്ച് കുടുംബശ്രീ പ്രോജക്ട് ഓഫീസര്‍ ടി.കെ പ്രകാശന്‍ വിവരിച്ചു.
ടാഗോര്‍ ഹാളില്‍ നടന്ന പരിപാടിയില്‍ 616 പേര്‍ പങ്കെടുത്തു. അനുമതിയായ 21 ലോണുകളും 11 കോര്‍പറേഷന്‍ ലൈസന്‍സുകളും സംരംഭകസഹായ പദ്ധതിയുടെ ഭാഗമായുള്ള സബ്‌സിഡികളും ചടങ്ങില്‍ വിതരണം ചെയ്തു. 110 ലക്ഷം രൂപയുടെ ലോണും 10 ലക്ഷം രൂപയുടെ സബ്‌സിഡിയുമാണ് സംരംഭകര്‍ക്ക് വിതരണം ചെയ്തത്.
വിവിധ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ പി സി രാജന്‍, സി. രേഖ എന്നിവര്‍ ആശംസ അറിയിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ പി. ദിവാകരന്‍ സ്വാഗതവും കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി കെ യു ബിനി നന്ദിയും പറഞ്ഞു.