കഞ്ചിക്കോട് ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി: പി ആര്‍ സിയാദ്

Update: 2025-01-16 17:51 GMT
കഞ്ചിക്കോട് ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കാനുള്ള മന്ത്രിസഭാ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളി: പി ആര്‍ സിയാദ്

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കുന്നതിന് ഒയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് പ്രാരംഭ അനുമതി നല്‍കിയ മന്ത്രി സഭാ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ആര്‍ സിയാദ്. കഞ്ചിക്കോട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലയാണ്. അവിടെയാണ് പ്രതിവര്‍ഷം അഞ്ച് കോടി ലിറ്റര്‍ ഭൂഗര്‍ഭജലം ഉപയോഗിക്കേണ്ടി വരുന്ന പ്ളാന്റുകള്‍ സ്ഥാപിച്ച് ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

പല തവണ ഡിസ്റ്റിലറി യൂണിറ്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തിയിരുന്നെങ്കിലും ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. 2018 ലെ ബ്രൂവറി/ഡിസ്റ്റിലറി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച നികുതിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നാളിതുവരെ പുറത്തുവിടാന്‍ തയ്യാറായിട്ടില്ല. ആ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ച് ലക്ഷക്കണക്കിന് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാനുള്ള നടപടികളാണ് ഇടതു സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൂടാതെ പുതുതായി ഡിസ്റ്റിലറി തുടങ്ങുന്നതു സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഓര്‍ഡറും നിലവിലുണ്ട്. ഇവയെല്ലാം അട്ടിമറിച്ചുകൊണ്ടാണ് പുതിയ ഡിസ്റ്റിലറി പ്ലാന്റുകള്‍ തുടങ്ങാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ലഹരി വിപണനത്തിലൂടെ വരുമാനമുണ്ടാക്കി ധൂര്‍ത്തടിക്കാനുള്ള സൂത്രപ്പണികളാണ് ആസൂത്രണം ചെയ്യുന്നത്. തലമുറയെ തന്നെ ലഹരിയില്‍ മുക്കിക്കൊല്ലാനുള്ള തീരുമാനം ഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഈ വിഷയത്തില്‍ ഇടതു മുന്നണിയിലെ ഘടകക്ഷികള്‍ നിലപാട് വ്യക്തമാക്കാന്‍ തയ്യാറാവണം. കുടിവെള്ളം ഊറ്റിയെടുക്കുകയും ലഹരി വിപണനം സുലഭമാക്കുകയും ചെയ്യുന്ന നിലപാട് ഉടന്‍ പിന്‍വലിക്കണമെന്നും പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.




അന്‍സാരി ഏനാത്ത്


മീഡിയ ഇന്‍ചാര്‍ജ്


ഫോണ്‍: 95446 62704




പി എം അഹമ്മദ്


മീഡിയ കോഡിനേറ്റര്‍


ഫോണ്‍: 9446923776


Tags:    

Similar News