തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന കേസില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ല; കാളപെറ്റെന്ന് കേട്ട് കയറെടുക്കരുതെന്നും മന്ത്രി ആന്റണി രാജു
കേസ് നീട്ടി വെക്കാന്‍ താന്‍ ഇടപെട്ടു എന്നത് തെളിയിക്കാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു
തിരുവനന്തപുരം: പ്രതിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃത്വിമം കാണിച്ചെന്ന കേസില്‍ തന്നെ പ്രതിയാക്കാന്‍ കഴിയില്ലെന്ന് ആന്റണി സര്‍ക്കാരിന്റെ കാലത്ത് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന വിശദീകരണവുമായി മന്ത്രി ആന്റണി രാജു രംഗത്ത്. പ്രതിപക്ഷ ആരോപണം മന്ത്രി നിയമസഭയില്‍ തള്ളി.
രണ്ട് റിപോര്‍ട്ടുകള്‍ യുഡിഎഫ് ഭരണ കാലത്താണ്. കാള പെറ്റു എന്നു കേട്ട് കയര്‍ എടുക്കരുത്. ഒരു പോസ്റ്റിങ് പോലും കോടതിയില്‍ മാറ്റി വെച്ചിട്ടില്ല. ഇന്റര്‍പോള്‍ റിപോര്‍ട്ടില്‍ പോലും പേരില്ല. കേസ് നീട്ടി വെക്കാന്‍ താന്‍ ഇടപെട്ടു എന്നത് തെളിയിക്കാന്‍ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിക്കുന്നു. ഇതെല്ലാം അതിജീവിച്ചാണ് മന്ത്രി ആയത്. ഒന്നിലും ഭയമില്ല. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഈ കേസ് വിവരങ്ങള്‍ പത്രങ്ങളില്‍ പരസ്യമാക്കിയതാണ്. പുതുതായി ഒന്നുമില്ലെന്നും മന്ത്രി വിശദീകരിച്ചു. എന്നാല്‍ മന്ത്രിക്കെതിരെയുള്ളത് ഗുരുതര ആരോപണമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇത് തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ച് മയക്കു മരുന്നു കടത്തുകാരനെ രക്ഷപ്പെടുത്തിയ കേസാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന് കോടതിയെ കുറിച്ചു അറിവ് ഇല്ല എന്നു ആന്റണി രാജു പരിഹസിച്ചു. ലജ്ജ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും മന്ത്രിയും തമ്മില്‍ വാദപ്രതിവാദം നടന്നു. ഇങ്ങനെ ചര്‍ച്ച കൊണ്ടു പോകാന്‍ ആകില്ലെന്ന് ചെയര്‍ വ്യക്തമാക്കി
മയക്കുമരുന്ന് കേസ് പ്രതിയെ രക്ഷിക്കാന്‍ മന്ത്രി ആന്റണി രാജു തൊണ്ടി മുതല്‍ നശിപ്പിച്ച കേസിന്റെ ഫയലുകള്‍ സിജെഎം കോടതി വിളിപ്പിച്ചു. 16 വര്‍ഷമായിട്ടും വിചാരണ നടപടികള്‍ ആരംഭിച്ചില്ലെന്ന റിപോര്‍ട്ടുകളെ തുടര്‍ന്നാണ് നെടുമങ്ങാട് കോടതിയില്‍ നിന്നും ഫയലുകള്‍ വിളിപ്പിച്ചത്. അതേസമയം, സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കുമ്പോഴെ മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഗൂഢാലോചന നടന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരുന്നു.
അടിവസ്ത്രത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തുന്നതിനിടെ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂവിനെ രക്ഷിക്കാനാണ് തൊണ്ടിമുതലായ അടിവസ്ത്രം അഭിഭാഷകനായ ആന്റണി രാജു ഇടപെട്ട് വെട്ടിച്ചെറുതാക്കിയത്. 2006 ല്‍ പോലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇതേവരെ വിചാരണ തുടങ്ങിയിട്ടില്ലെന്ന കാര്യം പുറത്ത് വന്നിരുന്നു. നെടുമങ്ങാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസ് 22 പ്രാവശ്യം പരിഗണിച്ചിരുന്നവെങ്കിലും വിചാരണയിലേക്ക് കടന്നില്ല. ഇതേ തുടര്‍ന്നാണ് ഇന്നലെ ഉച്ചയ്ക്ക് പ്രത്യേക ദൂതന്‍ മുഖേന ഫയലുകള്‍ സിജെഎം വിളിപ്പിച്ചത്. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം റിപോര്‍ട്ട് നല്‍കാനാണ് സിജെഎം നടപടിയെന്നാണ് സൂചന.
അതേസമയം, മയക്കമരുന്ന് കേസിന്റെ വിചാരണ തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ ആരംഭിക്കുന്നതിന് മുമ്പേ തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ച് പ്രതിയെ രക്ഷിക്കാന്‍ നീക്കം നടത്തിയിരുന്നു. പൂന്തുറ സിഐയായിരുന്ന ജയമോഹനാണ് മയക്കുമരുന്ന് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 1990ല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടക്കവേ വിദേശിക്ക് വേണ്ടി ഹാജരായത് ഹൈക്കോടതിലെ മുതിര്‍ന്ന അഭിഭാഷകനായ കുഞ്ഞിരാമ മേനോനാണ്. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയ്ക്ക് ചേരുമോയെന്ന് അഭിഭാഷകന്‍ വിചാരണ വേളയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹനോട് ചോദിച്ചു. കോടതിയില്‍ ഇത് പരിശോധിക്കാമെന്ന് ജയമോഹന്‍ പറഞ്ഞ് സെഷന്‍സ് കോടതി രേഖപ്പെടുത്തി.
പക്ഷെ, തൊണ്ടിമുതല്‍ സെഷന്‍സ് കോടതിയില്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം അന്ന് ആവശ്യപ്പെട്ടില്ല. ശിക്ഷപ്പെടുകയാണെങ്കില്‍ അപ്പീല്‍ പോകാനുള്ള പഴുതിന് വേണ്ടിയായിരുന്നു നീക്കം. 10 വര്‍ഷം ആന്‍ഡ്രിവിനെ സെഷന്‍സ് കോടതി ശിക്ഷിച്ചപ്പോള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതിയില്‍ തൊണ്ടിമുതല്‍ വ്യാജമെന്ന ആക്ഷേപം പ്രതിഭാഗം ഉന്നയിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിനെ ശക്തമായ ചോദ്യം ചെയ്തുമില്ല. അന്വേഷണ ഉദ്യോഗസ്ഥനോട് വിശദീകരണവും തേടിയില്ല. അങ്ങനെ രാജ്യാന്തര കുറ്റവാളിയായ ഓസ്‌ട്രേലിയന്‍ പൗരന്‍ കേസില്‍ നിന്നും രക്ഷപ്പെട്ടു.