ഒടുവില്‍ 13ാം നമ്പര്‍ കാറിന് അവകാശിയായി
13 എന്ന അക്കം ഭാഗ്യദോഷമാണെന്ന അന്ധവിശ്വാസം കാരണമാണ് പലരും പതിമൂന്നാം നമ്പര്‍ കാറും ബംഗ്ലാവും ഏറ്റെടുക്കാന്‍ മടിക്കുന്നത്
തിരുവനന്തപുരം: മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ദിവസം ആര്‍ക്കും വേണ്ടാതെ കിടന്ന 13ാം നമ്പര്‍ സ്റ്റേറ്റ് കാറിന് ഒടുവില്‍ ആവകാശിയായി. കൃഷി മന്ത്രി പി പ്രസാദ് ആണ് ഭാഗ്യദോഷം ഭയന്ന് പലരും എടുക്കാതിരുന്ന കാര്‍ ഏറ്റെടുത്തത്. 13ാം നമ്പര്‍ മന്‍മോഹന്‍ ബംഗ്ലാവ് ഗതാഗത മന്ത്രി ആന്റണി രാജുവിനാണ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ തവണ നമ്പര്‍ പതിമൂന്ന് കാറും മന്‍മോഹന്‍ ബംഗ്ലാവും ചോദിച്ച് വാങ്ങിയത് തോമസ് ഐസക്ക് ആണ്. എന്നാല്‍ ഇത്തവണ മന്ത്രിസഭയില്‍ ആരായിരിക്കും നമ്പര്‍ 13ന്റെ അവകാശിയെന്നതായിരുന്നു ആകാംഷ. 13 എന്ന അക്കം ഭാഗ്യദോഷമാണെന്ന അന്ധവിശ്വാസം കാരണമാണ് പലരും പതിമൂന്നാം നമ്പര്‍ കാറും ബംഗ്ലാവും ഏറ്റെടുക്കാന്‍ മടിക്കുന്നത് . ഇന്നലെ മന്ത്രിമാര്‍ക്ക് കാറുകള്‍ അനുവദിച്ചപ്പോള്‍ ആരും പതിമൂന്നാം നമ്പര്‍ കാര്‍ എടുത്തിരുന്നില്ല. സത്യപ്രതിജ്ഞ കഴിഞ്ഞ് ഔദ്യോഗിക വാഹനങ്ങളില്‍ ഗവര്‍ണ്ണറെ കാണാന്‍ പുറപ്പെട്ടപ്പോള്‍ നമ്പര്‍ പതിമൂന്ന് കൂട്ടത്തിലില്ലായിരുന്നു.
കൃഷി മന്ത്രി പി പ്രസാദ് 13ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങുകയായിരുന്നു. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം എ ബേബിയും, ഒന്നാം പിണറായി സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക്കുമാണ് ഇതിന് മുമ്പ് 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയ മന്ത്രിമാര്‍.
മന്ത്രിമാര്‍ക്ക് വസതി അനുവദിച്ചപ്പോള്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് അനുവദിച്ചത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് സമീപമുള്ള 'പമ്പ' ആണ്. കെ കെ ശൈലജ താമസച്ചിരുന്ന നിള തന്നെയാണ് പുതിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനും അനുവദിച്ചിരിക്കുന്നത്. കെ എം മാണിയുടെ ഔദ്യോഗിക വസതിയായിരുന്ന 'പ്രശാന്തും'കൂടാതെ മൂന്നാം നമ്പര്‍ കാറും കേരള കോണ്‍ഗ്രസിന്റെ മന്ത്രിസഭയിലെ പ്രതിനിധിയായ റോഷി റോഷി അഗസ്റ്റിന്‍ ചോദിച്ചു വാങ്ങി.