ടൂറിസം മേഖലയില്‍ റിവോള്‍വിംഗ് ഫണ്ട് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
കോഴിക്കോട്: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവരെ സഹായിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതിനായി റിവോള്‍വിംഗ് ഫണ്ട് പദ്ധതി തയ്യാറായതായി മന്ത്രി പറഞ്ഞു. ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവര്‍ക്ക് പലിശരഹിത വായ്പ നല്‍കുന്നതാണ് പദ്ധതി. ടൂറിസ്റ്റ് ടാക്‌സി െ്രെഡവര്‍മാര്‍, ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാര്‍, ശിക്കാരി ഹൗസ് ബോട്ട് ജീവനക്കാര്‍, ഹോട്ടല്‍ റസ്‌റ്റോറെന്റ് ജീവനക്കാര്‍, റസ്‌റ്റോറെന്റുകള്‍, ആയുര്‍വ്വേദ സെന്ററുകള്‍ , ഗൃഹസ്ഥലി, ഹോം സ്‌റ്റേ, സര്‍വ്വീസ്ഡ് വില്ല, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗ്രീന്‍ പാര്‍ക്ക്, സാഹസിക ടൂറിസം സംരഭങ്ങളില്‍ ജോലി ചെയ്യുന്നവര്‍, ഉത്തരവാദിത്ത ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍, കലാകാരന്മാര്‍, കരകൗശല വിദഗ്ധര്‍, ആയോധന കലാപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ ഉള്ളവര്‍ക്കാണ് റിവോള്‍വിംഗ് ഫണ്ട് നടപ്പാക്കുന്നത്.
വിനോദ സഞ്ചാര വകുപ്പ് അംഗീകാരം / അക്രഡിറ്റേഷന്‍ നല്‍കി വരുന്ന ആയുര്‍വേദ സെന്ററുകള്‍, റസ്‌റ്റോറന്റുകള്‍, ഹോം സ്‌റ്റേകള്‍, സര്‍വ്വീസ്ഡ് വില്ലകള്‍, ഗൃഹസ്ഥലി, അമ്യൂസ്‌മെന്റ് പാര്‍ക്ക്, അഡ്വഞ്ചര്‍ ടൂറിസം, ഗ്രീന്‍ഫാം, ടൂര്‍ ഓപ്പറേറ്റര്‍ അക്രഡിറ്റേഷന്‍ എന്നിവ ഒരു ഉപാധിയും ഇല്ലാതെ 2021 ഡിസംബര്‍ 31 വരെ പുതുക്കി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി.