കുത്തിപ്പൊളിച്ച റോഡുകള്‍ നന്നാക്കാന്‍ പൊളിച്ചവര്‍ക്ക് ഉത്തരവാദിത്തമുണ്ട്; ജലവകുപ്പിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്
ടാര്‍ ചെയ്ത റോഡുകള്‍ ജനങ്ങളുടെ ആവശ്യമെന്ന നിലക്ക് തന്നെ കുടിവെള്ളത്തിന് വേണ്ടി വെട്ടിപ്പൊളിക്കുന്നത് തെറ്റായ രീതിയാണ്.
തിരുവനന്തപുരം: കുത്തിപ്പൊളിച്ച റോഡുകള്‍ പഴയപോലെ ആക്കാന്‍ അത് പൊളിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കുടിവെള്ളത്തിനായി പൊളിക്കുന്ന റോഡിലെ കുഴികള്‍ അടക്കുന്നത് സംബന്ധിച്ച് ജലവിഭവ വകുപ്പിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്.
കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് പൊളിക്കുന്നവര്‍ പിന്നീട് അത് നന്നാക്കാന്‍ ഉത്തരവാദിത്തം കാണിക്കുന്നില്ല. സംസ്ഥാനത്തെ എല്ലാ റോഡുകളും പൊതുമരാമത്ത് വകുപ്പിന്റേതല്ല. ടാര്‍ ചെയ്ത റോഡുകള്‍ ജനങ്ങളുടെ ആവശ്യമെന്ന നിലക്ക് തന്നെ കുടിവെള്ളത്തിന് വേണ്ടി വെട്ടിപ്പൊളിക്കുന്നത് തെറ്റായ രീതിയാണ്. കുടിവെള്ളം ആവശ്യമാണ്. പക്ഷെ കുത്തിപൊളിച്ച റോഡുകള്‍ പഴയപോലെ ആക്കാന്‍ അത് പൊളിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ട്. വാട്ടര്‍ അതോറിറ്റി അത്തരത്തില്‍ റോഡുകള്‍ കുത്തിപ്പൊളിക്കുകയാണെങ്കില്‍ പഴയപോലെ ആക്കാനുള്ള ഉത്തരവാദിത്തം അവര്‍ക്കുണ്ട്. കേരളത്തില്‍ ഒരു ലക്ഷത്തിലധികം കിലോമീറ്റര്‍ റോഡില്‍ 33000 കിലോ മീറ്റര്‍ റോഡ് മാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം. റോഡുകള്‍ സഞ്ചാരയോഗ്യമാക്കുന്ന കാര്യത്തില്‍ നിരന്തരം ഉത്തരവിട്ട് നാണക്കേടായിത്തുടങ്ങിയെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. കൊച്ചി നഗരത്തിലെയും പരിസരങ്ങളിലെയും റോഡുകള്‍ തകര്‍ന്നെന്ന റിപോര്‍ട്ട് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വാക്കാലുള്ള പരാമര്‍ശം.
റോഡില്‍ കുഴിയുണ്ടായാല്‍ ഉടന്‍ നികത്താനുള്ള സൗകര്യമില്ലെന്ന് കോര്‍പറേഷന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. അത്തരം സൗകര്യം ഒരുക്കുകയല്ലേ വേണ്ടതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഒരു കുഴി നികത്തുന്നതിനു പകരം ഒരു റോഡ് തന്നെ മുഴുവനായി നികത്തേണ്ട അവസ്ഥയാണുണ്ടാകുന്നത്. ഉത്തരവുകള്‍ എല്ലാവരും മറന്നു. അത് അനുവദിക്കാനാകില്ല. കഴിഞ്ഞവര്‍ഷം തകര്‍ന്ന റോഡ് ഇത്തവണയും തകര്‍ന്നിരിക്കുകയാണ്.
റോഡ് സഞ്ചാരയോഗ്യമാക്കുന്നതില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാന്‍ പി.ഡബഌു.ഡി., കൊച്ചി കോര്‍പറേഷന്‍, കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ്, ജി.സി.ഡി.എ., അര്‍ബന്‍ അഫയേഴ്‌സ് ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍ എന്നിവരോട് കോടതി നിര്‍ദേശിച്ചു. അറ്റുകുറ്റപ്പണി നടത്തിയിട്ടും തകര്‍ന്ന റോഡുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.