കരുതല്‍ ഡോസായി ഇനി മുതല്‍ കോര്‍ബിവാക്‌സും; ക്രമീകരണം നടത്തിയിട്ടുണ്ടെന്ന് മന്ത്രി
ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനി മുതല്‍ അതേ ഡോസ് വാക്‌സിനോ അല്ലെങ്കില്‍ കോര്‍ബിവാക്‌സ് വാക്‌സിനോ കരുതല്‍ ഡോസായി സ്വീകരിക്കാം
തിരുവനന്തപുരം: കരുതല്‍ ഡോസ് കൊവിഡ് വാക്‌സിനായി ഇനി മുതല്‍ കോര്‍ബിവാക്‌സ് വാക്‌സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനി മുതല്‍ അതേ ഡോസ് വാക്‌സിനോ അല്ലെങ്കില്‍ കോര്‍ബിവാക്‌സ് വാക്‌സിനോ കരുതല്‍ ഡോസായി സ്വീകരിക്കാവുന്നതാണ്. മുമ്പ് ഏത് വാക്‌സിനെടുത്താലും അതേ വാക്‌സിനായിരുന്നു കരുതല്‍ ഡോസായി നല്‍കിയിരുന്നത്. അതിനാണ് മാറ്റം വരുത്തിയത്. കോവിന്‍ പോര്‍ട്ടലിലും ഇതിനനുസരിച്ച മാറ്റം വരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതനുസരിച്ചുള്ള ക്രമീകരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ 12 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് കോര്‍ബിവാക്‌സ് വാക്‌സിനും 15 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിനുമാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് കരുതല്‍ ഡോസില്ല. 18 വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ആറ് മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കോ വിദേശത്ത് പോകുന്നവര്‍ക്ക് 90 ദിവസം കഴിഞ്ഞും കരുതല്‍ ഡോസ് എടുക്കാവുന്നതാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.