തിരുവനന്തപുരം: സംസ്ഥാനത്തെ 10 മന്ത്രിമാര്‍ക്ക് പുതിയ ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങുന്നു. കാറുകള്‍ വാങ്ങാനായി ടൂറിസം വകുപ്പ് 3,22,20,000 രൂപ അനുവദിച്ച് ഉത്തരവിറക്കി. ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം രൂപയാണ്. പുതിയവ വാങ്ങുമ്പോള്‍ നിലവില്‍ ഉപയോഗിക്കുന്ന കാറുകള്‍ തിരികെ ഏല്‍പ്പിക്കണമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. സംസ്ഥാനത്തിന്റെ ഞെരുങ്ങിയ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടിയ ധനവകുപ്പിന്റെ എതിര്‍പ്പ് മറികടന്നാണ് പുതിയ നീക്കം. നേരത്തെ അഞ്ച് പുതിയ കാറുകള്‍ വാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനം പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു.
നിലവിലെ വാഹനങ്ങള്‍ക്ക് സൗകര്യങ്ങള്‍ കുറവാണെന്നും പഴക്കം ചെന്നതാണെന്നുമുള്ള വാദം ഉയര്‍ത്തി മന്ത്രിസഭാ യോഗത്തിന്റെ അനുമതിയോടെയാണ് പുത്തന്‍ ആഡംബര കാറുകള്‍ വാങ്ങുന്നത്. നിലവിലുള്ള വാഹനങ്ങളുടെ ഉപയോഗം രേഖപ്പെടുത്തി ഫയല്‍ സമര്‍പ്പിക്കാന്‍ ധനവകുപ്പ് ടൂറിസം വകുപ്പിനോടാവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മന്ത്രിമാര്‍ സമര്‍പ്പിച്ച ആവശ്യം കൂടി പരിഗണിച്ച് അഞ്ച് വാഹനങ്ങള്‍ വാങ്ങാനേ ധനവകുപ്പ് അനുമതി നല്‍കിയുള്ളൂ. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ അനുവാദത്തോടെ 10 വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഫയല്‍ മന്ത്രിസഭാ യോഗത്തില്‍ വച്ച് തീരുമാനമെടുപ്പിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഉപയോഗിക്കാന്‍ കഴിഞ്ഞ മാസമാണ് പുതിയ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി 72 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ മുഖ്യമന്ത്രിക്ക് അകമ്പടിയായി പോവാന്‍ നാല് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങിയിരിന്നു. ഇവയുടെ നിറം വെള്ളയില്‍ നിന്നു കറുപ്പാക്കി മാറ്റുകയും ചെയ്തു.
എന്നാല്‍, ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പ്രളയകാലത്തെ പ്രതിസന്ധിയെ തുടര്‍ന്ന് കാര്‍ വാങ്ങുന്നതിന് നിയന്ത്രണമുണ്ടായിരിന്നു. ഇത് മറികടന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ രണ്ട് ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ മന്ത്രിസഭ വഴി അനുമതി വാങ്ങുകയായിരുന്നു.