ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; സര്‍ക്കാരിന്റേത് കടുത്ത വഞ്ചന: കെ എം വൈ എഫ്
മുസ്‌ലിം സമൂഹം അനര്‍ഹമായി എന്തോ കൈയടക്കുന്നു എന്ന പ്രചരണങ്ങള്‍ക്ക് ശക്തി പകരുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
തിരുവനന്തപുരം : 80 : 20 അനുപാതം റദ്ദ് ചെയ്ത കോടതിവിധിയില്‍ വസ്തുതകള്‍ ബോധ്യപ്പെടുത്തി തുടര്‍ ഇടപെടലുകള്‍ നടത്തുന്നതിന് പകരം സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യാനുള്ള മന്ത്രിസഭാതീരുമാനം മുസ്‌ലിം സമുദായത്തോടുള്ള കടുത്ത വഞ്ചനയും അനീതിയും ആണെന്ന് കെഎംവൈഎഫ് സംസ്ഥാന സെക്രട്ടറിയേറ്റ്. വിധി വരാന്‍ ഇടയായ സാഹചര്യം പൊതുസമൂഹത്തോട് വിശദീകരിക്കുകയോ അതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് സര്‍ക്കാര്‍തല വിശദീകരണം നല്‍കുകയോ ചെയ്യുന്നതിന് പകരം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്നതിലൂടെ ഒരു സമുദായത്തോടുള്ള അനീതിക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്നും സംഘടന ആരോപിച്ചു.
മുസ്‌ലിം സമൂഹം അനര്‍ഹമായി എന്തോ കൈയടക്കുന്നു എന്ന പ്രചരണങ്ങള്‍ക്ക് ശക്തി പകരുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. സച്ചാര്‍ പാലൊളി കമ്മിറ്റികളുടെ ആത്മാവിനെയാണ് ഇതുവഴി സര്‍ക്കാര്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുന്നത്. മുസ്്‌ലിം സംഘടനകളുടെ ആവശ്യങ്ങള്‍ നിരാകരിച്ചു, മുസ്്‌ലിം സമുദായത്തിന്റെ ന്യായമായ അവകാശങ്ങള്‍ മറ്റു മുന്നാക്ക കാര്‍ക്ക് പകുത്തു നല്‍കുന്ന കൊടിയ അനീതിക്കാണ് സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്. മുസ്്‌ലിം സമുദായത്തോട് സര്‍ക്കാര്‍ തുടരുന്ന നിരന്തരമായ അവഗണനയെ ശക്തമായ ജനാധിപത്യ പ്രതിഷേധങ്ങള്‍ കൊണ്ട് നേരിടുമെന്ന് കെഎംവൈഎഫ് സെക്രട്ടറിയേറ്റ് പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് ഇലവുപാലം ശംസുദ്ദീന്‍ മന്നാനി അധ്യക്ഷതവഹിച്ചു. കാരാളി ഇ കെ സുലൈമാന്‍ ദാരിമി, എ ആര്‍ അമിന്‍ റഹ്മാനി, നൗഷാദ് മാങ്ങാംകുഴി, നാഷിദ് ബാഖവി കണ്ണനല്ലൂര്, പനവൂര്‍ സഫീര്‍ഖാന്‍ മന്നാനി, അലി ബാഖവി ചെറുവട്ടൂര്‍, മുഹമ്മദ് കുട്ടി റഷാദി, കുണ്ടുമണ്‍ ഹുസൈന്‍ മന്നാനി, തല വരമ്പ് സലീം, ഷാജിരുദ്ദീന്‍ ബാക്കവി, അസ്ഹര്‍ പുലിക്കുഴി എന്നിവര്‍ സംസാരിച്ചു