എതിര്‍പ്പുകള്‍ക്കു നേരെ കണ്ണടച്ച് സര്‍ക്കാര്‍; ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമാക്കി വിജ്ഞാപനം
മുസ്‌ലിം സംഘടനകളുടെ ഒന്നടങ്കമുള്ള എതിര്‍പ്പുകള്‍ക്കു നേരെ കണ്ണടച്ചാണ് സ്‌കോളര്‍ഷിപ്പുകള്‍ നേരത്തേയുണ്ടായിരുന്ന 80:20 അനുപാതം മാറ്റി ജനസംഖ്യാനുപാതികമാക്കി മാറ്റിയ ഉത്തരവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
തിരുവനന്തപുരം: സച്ചാര്‍, പാലോളി കമ്മിറ്റി റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കിയ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമാക്കി സംസ്ഥാന സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. മുസ്‌ലിം സംഘടനകളുടെ ഒന്നടങ്കമുള്ള എതിര്‍പ്പുകള്‍ക്കു നേരെ കണ്ണടച്ചാണ് സ്‌കോളര്‍ഷിപ്പുകള്‍ നേരത്തേയുണ്ടായിരുന്ന 80:20 അനുപാതം മാറ്റി ജനസംഖ്യാനുപാതികമാക്കി മാറ്റിയ ഉത്തരവുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പുതുക്കിയ അനുപാതപ്രകാരം നേരത്തേ സ്‌കോളര്‍ഷിപ്പിന്റെ 80 ശതമാനം ലഭിച്ചിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷം മുതല്‍ 59.05 ശതമാനമായിരിക്കും ലഭിക്കുക. നേരത്തേ 20 ശതമാനം ലത്തീന്‍, പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് ലഭിച്ചിരുന്നത് ഇനിമുതല്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് ഒന്നടങ്കം 40.87 ശതമാനവും ലഭിക്കും.
പോളിടെക്‌നിക് വിദ്യാര്‍ഥികള്‍ക്കുള്ള എപിജെ അബ്ദുല്‍ കലാം സ്‌കോളര്‍ഷിപ്, നഴ്‌സിങ്/ പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള മദര്‍ തെരേസ സ്‌കോളര്‍ഷിപ്, ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/ കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്/ കമ്പനി സെക്രട്ടറിഷിപ് കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്, ഐടിഐകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ഫീ റീ ഇംബേഴ്‌സ്‌മെന്റ് പദ്ധതി എന്നിവക്കാണ് പുതുക്കിയ അനുപാതപ്രകാരം ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കിയത്. മറ്റ് സ്‌കോളര്‍ഷിപ്പുകളിലേക്കുള്ള അപേക്ഷ അടുത്ത ദിവസങ്ങളില്‍ ക്ഷണിക്കും. സ്‌കോളര്‍ഷിപ്പും ഫീ റീ ഇംബേഴ്‌സ്‌മെന്റ് പദ്ധതിയും ജനസംഖ്യാനുപാതികമായിരിക്കുമെന്ന് വിജ്ഞാപനത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.
80:20 അനുപാതത്തിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ കോടതിയെ സമീപിച്ചതോടെയാണ് അനുപാതം റദ്ദാക്കിയതും ജനസംഖ്യാനുപാതികമാക്കാന്‍ കോടതി ഉത്തരവിട്ടതും. വിധിയെതുടര്‍ന്ന് സര്‍വകക്ഷി യോഗം വിളിച്ച സര്‍ക്കാര്‍ മൂന്നംഗ സെക്രട്ടറിതല സമിതിയെ വിഷയം പഠിക്കാനായി നിയോഗിച്ചു. സമിതി സമര്‍പ്പിച്ച രണ്ട് നിര്‍ദേശങ്ങളില്‍ ഒന്ന് അംഗീകരിച്ച സര്‍ക്കാര്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായി 2008 മുതല്‍ നടപ്പാക്കിയ സ്‌കോളര്‍ഷിപ്പുകള്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ജനസംഖ്യാനുപാതികമാക്കി വീതംവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞവര്‍ഷം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച സ്‌കോളര്‍ഷിപ്പുകളുടെ എണ്ണത്തിലും തുകയിലും കുറവ് വരുത്താതെയും ക്രിസ്ത്യന്‍ വിഭാഗത്തിന് പദ്ധതിയുടെ 40.87 ശതമാനം ലഭിക്കാന്‍ പാകത്തില്‍ അധികതുക അനുവദിച്ചുമാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.
അതേമസമയം, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഏഴ് സ്‌കീമുകളിലായി 17 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി ഉത്തരവായി. ക്രിസ്ത്യന്‍ വിഭാഗത്തിലെ ഉള്‍പ്പെടെയുള്ള മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പുകളിലേക്കും അപേക്ഷിക്കാം. മുന്നാക്കവിഭാഗ വികസന കോര്‍പറേഷന് കീഴിലാണ് സ്‌കോളര്‍ഷിപ്പുകള്‍. മൊത്തം 27398 വിദ്യാര്‍ഥികള്‍ക്കായാണ് 2021 22ല്‍ 17 കോടിയുടെ സ്‌കോളര്‍ഷിപ്പിന് ഭരണാനുമതി നല്‍കിയിട്ടുള്ളത്.