ജനസംഖ്യാ വര്‍ധനവിന് കാരണക്കാര്‍ മുസ് ലിംകളാണെന്ന് ഒമ്പത് മക്കളുള്ള ബിജെപി എംഎല്‍എ
യുപി, അസം സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ജനസംഖ്യാ വിഷയം വലിയ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍.
ന്യൂഡല്‍ഹി: രാജ്യത്തെ ജനസംഖ്യാ വര്‍ധനവിന് കാരണക്കാര്‍ മുസ് ലിംകളാണെന്ന വംശീയ പ്രചാരണം വീണ്ടും ശക്തമാക്കി ബിജെപി, ആര്‍എസ്എസ് നേതാക്കള്‍. യുപി തിരഞ്ഞെടുപ്പിന്റെ പശ്ചാതലത്തിലാണ് ബിജെപി കേന്ദ്രങ്ങള്‍ വര്‍ഗീയ പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. യുപി, അസം സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ജനസംഖ്യാ വിഷയം വലിയ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍.
'നാം രണ്ട്, നമുക്ക് രണ്ട്' എന്ന കാംപയിന് നേതൃത്വം നല്‍കുന്ന ബിജെപി നേതാക്കളില്‍ ഭൂരിഭാഗം പേര്‍ക്കും മൂന്നിലധികം മക്കളുണ്ട് എന്നതാണ് വിരോധാഭാസം. അതിനിടെ ഒമ്പത് മക്കളുള്ള ബിജെപി എംഎല്‍എ ജനസംഘ്യാ വര്‍ധനവിന് കാരണം മുസ് ലിംകളാണെന്ന പ്രസ്താവനയുമായി രംഗത്തെത്തിയത് വലിയ വാര്‍ത്തായി. മധ്യപ്രദേശിലെ സിന്‍ഗറൗലിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ലല്ലു വൈഷ്യയാണ് ജനസംഘ്യാ വര്‍ധനവിന് കാരണം മുസ് ലിംകളാണെന്ന് പറഞ്ഞത്. 'നാം രണ്ട്, നമുക്ക് രണ്ട്' എന്നതാണ് നമ്മുടെ ദേശീയ നയം. എന്നാല്‍, ഇത് വിജയിച്ചോ?. ഹിന്ദുക്കള്‍ വന്ദ്യംകരണത്തിന് നിര്‍ബന്ധിതരാവുന്നു. അതേസമയം, മറ്റുള്ളവര്‍ക്ക് ഇത് ബാധകമാവുന്നില്ല. ഇത് അനുവദിക്കരുത്'. ഒമ്പത് മക്കളുടെ പിതാവായ ലല്ലു വൈഷ്യ പറയുന്നു.
മധ്യപ്രദേശില്‍ നിന്നുള്ള ബിജെപി നേതാക്കളെല്ലാം ജനസംഖ്യാ നിയന്ത്രണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. യുപി മാതൃകയില്‍ മധ്യപ്രദേശിലും ജനസംഖ്യാ നിയന്ത്രണത്തിന് നടപടി സ്വീകരിക്കണമെന്നാണ് അവരുടെ ആവശ്യം.
അതേസമയം, ബിജെപിയുടെ നിലപാട് കാപട്യം നിറഞ്ഞതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. മൂന്നും അതിലധികവും മക്കളുള്ള ബിജെപി നേതാക്കളാണ് ജനസംഖ്യാ വര്‍ധനവിനെതിരേ വര്‍ഗീയ പ്രചാരണം നടത്തുന്നത്. 'രാജ്യത്തിന് സ്വാതന്ത്യം ലഭിക്കുന്ന സമയത്ത് നമ്മുടെ മൊത്തം ജനസംഘ്യ 40 കോടിയുടെ അടുത്തായിരുന്നു. അന്നത്തെ മുസ് ലിം ജനസംഖ്യ 12 കോടിയും. ഇപ്പോള്‍, നമ്മുടെ ജനസംഖ്യ 130 കോടിയാണ്(മുസ് ലിം ജനസംഖ്യ 25 കോടിയും). മുസ് ലിം ജനസംഖ്യയേക്കാള്‍ മറ്റു വിഭാഗങ്ങളുടെ ജനസംഖ്യ വര്‍ധിച്ചതായി ഇതില്‍ നിന്ന് വ്യക്തമാണ്. ജനസംഖ്യ നിയന്ത്രണമല്ല, യുപി തിരഞ്ഞെടുപ്പാണ് ബിജെപിയുടെ വര്‍ഗീയ കാംപയിന്റെ ലക്ഷ്യമെന്ന് ഭോപ്പാലില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ ആരിഫ് മസൂദ് പറഞ്ഞു.