വീടിനു സമീപത്ത് നിന്നും കുട്ടിയെ കാണാതായ സംഭവം; ഒരാഴ്ച്ചക്കു ശേഷവും കണ്ടെത്താനായില്ല
മുഹമ്മദ് സൗഹാന് വേണ്ടിയുളള തിരച്ചില്‍ നാട്ടുകാര്‍ താത്ക്കാലികമായി അവസാനിപ്പിച്ചു.
മലപ്പുറം: അരീക്കോട് ഊര്‍ങ്ങാട്ടിരി വെറ്റിലപ്പാറയില്‍ വീട്ടിനു സമീപത്ത് നിന്നും കാണാതായ കുട്ടിയെ ഒരാഴ്ച്ചക്കു ശേഷവും കണ്ടെത്താനായില്ല. ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ വെറ്റിലപ്പാറ ചൈനങ്ങാട് പൂളക്കല്‍ ഹസ്സന് കുട്ടി, ഖദീജ ദമ്പതികളുടെ ഇളയ മകന് മുഹമ്മദ് സൗഹാനെ(15)യാണ് കാണാതായത്. ഏഴു ദിവസമായി വിവിധ സംഘടനക്കള്‍, നാട്ടുകാര്‍, പോലിസ് ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ മുഹമ്മദ് സൗഹാനെ കണ്ടെത്തുന്നതിനു വേണ്ടി തിരച്ചില്‍ നടത്തിയിരുന്നു. വെറ്റിലപ്പാറയിലെ ചൈനങ്ങാട് വീടിന് സമീപത്ത് വെച്ചുതന്നെയാണ് കഴിഞ്ഞ ശനിയാഴ്ച സൗഹാനെ കാണാതാത്.
മുഹമ്മദ് സൗഹാന് വേണ്ടിയുളള തിരച്ചില്‍ നാട്ടുകാര്‍ താത്ക്കാലികമായി അവസാനിപ്പിച്ചു. കുട്ടിയെ കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹത ഉറപ്പിക്കുകയാണ് പൊലീസ്. കഴിഞ്ഞ ശനിയാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന വനത്തിന് സമീപത്ത് നിന്നാണ് കുട്ടിയെ അവസാനമായി നാട്ടുകാരിലൊരാള്‍ കണ്ടത്. പിന്നീടിതുവരെ ഒരു വിവരവും കുട്ടിയെ സംബന്ധിച്ച് ലഭിച്ചിട്ടില്ല. സംഭവ ദിവസം വീടിന് പരിസരത്ത് നിര്‍ത്തിയിടുകയും രാത്രിയില്‍ ഓടിച്ച് പോകുകയും ചെയ്ത വാഹനം കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം.
ഏഴ് ദിവസങ്ങളിലായി നൂറ് കണക്കിനാളുകളാണ് കുട്ടിക്ക് വേണ്ടി തിരച്ചില്‍ നടത്താന്‍ ഊര്‍ക്കടവിലെത്തിയത്. ഡോഗ് സ്ക്വാഡും തിരച്ചിലിനെത്തിയെങ്കിലും ഫലമുണ്ടായില്ല.മാനസിക വെല്ലുവിളി നേരിടുന്ന കുട്ടി വീടിന്റെ പരിസരത്ത് തന്നെ ഉണ്ടാകുമെന്നാണ് പോലിസ് ആദ്യം കരുതിയിരുന്നത്.