ആരോഗ്യ വകുപ്പിൽ നിന്ന് ഫയലുകൾ കാണാതായ സംഭവം: വിവരം കെെമാറണമെന്ന് ആവശ്യപ്പെട്ട് പോലിസ് കത്തു നൽകി
ഒരു മാസം മുമ്പാണ് പർച്ചേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകൾ ആരോഗ്യവകുപ്പിൽനിന്നും കാണാതായത്.
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ നിന്ന് അഞ്ഞൂറിലേറെ ഫയലുകൾ കാണാതായ സംഭവത്തിൽ വിവാദം തുടരുന്നതിനിടെ കൃത്യമായ വിവരങ്ങൾ കെെമാറണമെന്ന് ചൂണ്ടിക്കാട്ടി പോലിസ് കത്തു നൽകി. തിരുവനന്തപുരം കന്റോൺമെന്റ് പോലിസാണ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് കത്തു നൽകിയത്. ഇത്രയധികം ഫയലുകൾ കാണാതായിട്ടും ആരോഗ്യ വകുപ്പ് കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ലെന്നും അതിനാൽ കേസെടുക്കാൻ കഴിയുന്നില്ലെന്നും പോലിസ് അറിയിച്ചു. ഒരു മാസം മുമ്പാണ് പർച്ചേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഫയലുകൾ ആരോഗ്യവകുപ്പിൽനിന്നും കാണാതായത്. കൊവിഡ് കാലത്ത് നടന്ന തിരിമറികളുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ ഒളിച്ചുകളിക്ക് പിന്നാലെയാണ് ഫയലുകൾ കാണാതായത്.
കാണാതായ ഫയലുകൾ കൊവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ലെന്നും കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) രൂപവത്കൃതമായതിനു മുമ്പുള്ള ഫയലുകളാണിതെന്നുമുള്ള വിശദീകരണമാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നൽകുന്നത്. എന്നാൽ, സംഭവത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.