കാണാതായ ഇന്തോ-അമേരിക്കന്‍ യുവതിയെ സ്വന്തം കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി, മൃതദേഹം പുതപ്പില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍
ഷിക്കാഗോയിലെ ലയോള യൂനിവേഴ്‌സിറ്റിയില്‍നിന്നു എംബിഎ നേടിയ 34കാരിയായ സറീല്‍ ദബാവാലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ഡിസംബര്‍ 30നാണ് സറീലിനെ കാണാതായത്.
വാഷിങ്ടണ്‍: യുഎസില്‍ രണ്ടാഴ്ച മുമ്പ് കാണാതായ ഇന്ത്യന്‍ വംശജയായ യുവതിയെ സ്വന്തം കാറിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കാറിന്റെ ഡിക്കിയില്‍ പുതപ്പില്‍ പൊതിഞ്ഞുകെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷിക്കാഗോയിലെ ലയോള യൂനിവേഴ്‌സിറ്റിയില്‍നിന്നു എംബിഎ നേടിയ 34കാരിയായ സറീല്‍ ദബാവാലയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2019 ഡിസംബര്‍ 30നാണ് സറീലിനെ കാണാതായത്.
ദിവസങ്ങളായി തുടരുന്ന തിരച്ചിലിനൊടുവില്‍ ഷിക്കാഗോയിലെ വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ നിന്നാണ് കാര്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിന്റെ ഡിക്കിയില്‍ പുതപ്പില്‍ പൊതിഞ്ഞുകെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കുടുംബം ചുമതലപ്പെടുത്തിയ സ്വകാര്യ അന്വേഷകരാണ് കാറും മൃതദേഹവും കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാകൂ എന്ന് പോലിസ് പറഞ്ഞു.
ഗുജറാത്തില്‍നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഡോ. അഷ്‌റഫ് ദാബാവാലയുടെ മകളാണ് സറീല്‍. പ്രദേശത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന ഡോക്ടറാണ് അദ്ദേഹം. സറീലിനെ കാണാതായതോടെ യുവതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ പാരിതോഷികം ദാബാവാല കുടുംബം പ്രഖ്യാപിച്ചിരുന്നു. സറീലിന്റെ മരണകാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണെന്ന് പോലിസ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ലഭിക്കുന്നതോടെ മരണകാരണം വ്യക്തമാകുമെന്ന് പോലിസ് വ്യക്തമാക്കി.