'കര്‍ഷകര്‍ക്ക് മരം മുറിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടും'-ഉത്തരവിറക്കാന്‍ ആവശ്യമുയര്‍ത്തിയത് എംഎം മണി

1964ലെ നിയമം ഭേദഗതി ചെയ്തതും 2020 ഒക്ടോബറിലെ ഉത്തരവിറക്കുന്നതും പിണറായി സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനപ്രകാരമായിരുന്നു. 2020 ഒക്ടോബറില്‍, നിയമസഭ തിരഞ്ഞൈടുപ്പിന് മുന്‍പ് ഉത്തരവിറക്കിയത് വനം കൊള്ളക്ക് തണലൊരുക്കാനായിരുന്നു

Update: 2021-06-14 08:37 GMT

തിരുവനന്തപുരം: പാവപ്പെട്ട കര്‍ഷകര്‍ക്ക് മരം മുറിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കും മുന്നണിക്കും തിരിച്ചടി നേരിടുമെന്ന് തുറന്നടിച്ചത് കഴിഞ്ഞ ഇടതു സര്‍ക്കാരിലെ മന്ത്രി എംഎം മണി. 2017ല്‍ സിപിഎം-സിപിഐ മരം മുറി ചര്‍ച്ചകളുടെ തുടക്കത്തില്‍ സിപിഎം നേതാവ് കൂടിയായ എംഎം മണിയാണ് ഈ ആവശ്യം ഉന്നയിച്ചത്. മുഖ്യമന്ത്രിയും സിപിഎമ്മും സിപിഐയും ഈ വാദത്തിന്റെ മറപിടിച്ചാണ് നിയമ ഭേദഗതിയും പുതിയ മരം മുറി ഉത്തരവും പുറത്തിറക്കിയത്.

ഇടതു മുന്നണി നിരന്തര ആലോചനകള്‍ക്ക് ശേഷം, തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പുറത്തിറക്കിയ മരം മുറി ഉത്തരവ് കൃത്യമായ ലക്ഷ്യങ്ങളോടെയായിരുന്നു. 1964ലെ നിയമം ഭേദഗതി ചെയ്യുന്നതും 2020 ഒക്ടോബര്‍ 24ലെ റവന്യൂ വകുപ്പ് ഉത്തരവും റവന്യൂ വകുപ്പ് സെക്രട്ടറിയുടേയോ, മറ്റേതെങ്കിലും ഉദ്യോഗസ്ഥരുടെ തീരുമാനമല്ല. മറിച്ച് കൃത്യമായ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയതെന്ന് 2017 മുതലുള്ള ഈ നീക്കത്തില്‍ നാള്‍വഴി പരിശോധിച്ചാല്‍ അറിയാം.

2017ലെ മരം മുറി സംബന്ധിച്ച്് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിരുന്നു. സിപിഐയും സിപിഎമ്മും സമവായത്തിലെത്തിയ ശേഷമാണ് നടപടിക്രമങ്ങളിലേക്ക് കടന്നത്. ഈ ഉത്തരവ് പുറത്തിറക്കാന്‍ വനം-റവന്യൂ വകുപ്പുകള്‍ക്ക് മേല്‍ പല കോണില്‍ നിന്നുള്ള സമ്മര്‍ദ്ധങ്ങളുണ്ടായിരുന്നു. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമ സ്ഥാപനം നിരന്തരമായി ഈ മരം മുറി ഉത്തരവ് പുറത്തിറക്കാന്‍ സമ്മര്‍ദ്ധം ചെലുത്തിയിരുന്നതായി ആരോപണമുണ്ട്. ഈ വനം കൊള്ളയില്‍ സിപിഎമ്മിനും സിപിഐക്കും സാമ്പത്തിക നേട്ടമുണ്ടായതായും സൂചനയുണ്ട്.

1964ലെ നിയമം ഭേദഗതി ചെയ്താല്‍ മാത്രമെ മരം മുറിക്കാന്‍ കഴിയുകയൂള്ളൂ എന്നതിനാല്‍ ആ നിയമം 2017ല്‍ ഭേദഗതി ചെയ്തു. ഈ ഭേദഗതിയുടെ ചുവടു പിടിച്ചാണ് തേക്കും ഈട്ടിയും പനച്ചിയുമൊക്കെ വ്യാപകമായി മുറിച്ച് കടത്തിയത്.

മരം മുറിക്കാന്‍ ഏറ്റവും ശക്തമായി ആവശ്യപ്പെട്ടത് ഇടുക്കിയില്‍ നിന്നുള്ള മുന്‍ മന്ത്രി എംഎം മണിയാണ്. പാവപ്പെട്ട കര്‍ഷകര്‍ക്ക് മരം മുറിച്ച് കുടുംബാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടാവുമെന്ന് എംഎം മണി വാദിച്ചിരുന്നു. മക്കളുടെ വിവാഹത്തിനും വീടുണ്ടാക്കാനും പണം കണ്ടെത്താന്‍ വീട്ടിലെ മരം മുറിച്ച് വില്‍ക്കാന്‍ കഴിയാതെ വലയുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

ഈ വാദങ്ങള്‍ നടക്കുമ്പോള്‍ തന്നെ, തടി മാഫിയ നിയമം ഭേദഗതി ചെയ്യാനും പുതിയ ഉത്തരവിറങ്ങാനും സാധ്യതയുണ്ടന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് അറിയുന്നു. ഇടുക്കിയില്‍ നിന്ന് എംഎം മണിയുടെ സമ്മര്‍ദ്ധത്തിനൊപ്പം തടി മാഫിയ സിപിഎമ്മിനെയും സിപിഐയും ശക്തമായി സ്വാധീനിക്കുന്നുണ്ടായിരുന്നു. സിപിഎമ്മുമായി ഏറെ അടുപ്പമുള്ള കൊച്ചിയിലെ വിവാദ ഗ്രൂപ്പാണ് ഇതില്‍ മുന്നില്‍ നിന്നത്.

2020 ഒക്ടോബറിന് മുന്‍പേ തന്നെ വനം കൊള്ളക്കാര്‍ വയനാട്ടിലെ വിവിധ മേഖകളിലെ ഇടനിലക്കാര്‍ വഴി മരങ്ങള്‍ നിസ്സാരവിലയ്്ക്ക് വാങ്ങിക്കൂട്ടാന്‍ തുടങ്ങിയിരുന്നു. ഈ മരങ്ങളാണ് ഒക്ടോബറില്‍ ഉത്തരവിറങ്ങിയതോടെ മുറിച്ചുമാറ്റാന്‍ തുടങ്ങിയത്. മരം മുറിക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി കൂടി ഉള്‍പ്പെടുത്തി, പഴുതടച്ച കൊള്ളയായിരുന്നു ഉത്തരവിലൂടെ ലക്ഷ്യം വച്ചത്.

അതേസമയം, ഇടുക്കിയില്‍ നിന്നുള്ള എംഎം മണിയാണ് ആവശ്യമുന്നയിച്ചതെങ്കിലും ഏറ്റവുമധികം മരം മുറിച്ച് കടത്തിയത് വയനാടില്‍ നിന്നാണ്.


Tags:    

Similar News