ഒളിംപിക്‌സിലെ ഹോക്കി മെഡല്‍ നേട്ടത്തെ ഹിന്ദുത്വ അജണ്ടകളുമായി ബന്ധപ്പെടുത്തി മോദിയുടെ ഗൂഢ പരാമര്‍ശം

Update: 2021-08-07 04:58 GMT

ന്യൂഡല്‍ഹി: ഒളിംപിക്‌സ് പുരുഷ ഹോക്കിയിലെ ഇന്ത്യന്‍ ടീം നേടിയ വിജയത്തില്‍ രാജ്യമൊന്നടങ്കം അഭിമാനിക്കുമ്പോള്‍ അതിനെ ഹിന്ദുത്വ അജണ്ടകളുമായി ബന്ധപ്പെടുത്തി ഭിന്നിപ്പുണ്ടാക്കാന്‍ പ്രധാനമന്ത്രിയുടെ ഗൂഢ ശ്രമം. ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോഴാണ് നരേന്ദ്ര മോദി ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഒളിംപിക്‌സ് നേട്ടം ഹിന്ദുത്വ അജണ്ടകളുമായി ബന്ധപ്പെടുത്തിയത്.


വെങ്കല മെഡല്‍ നേട്ടത്തെ രാമക്ഷേത്ര നിര്‍മാണത്തോടും, ആര്‍ട്ടിക്കിള്‍ കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനോടും ബന്ധപ്പെടുത്തി തതുല്യമായ നേട്ടം എന്ന തരത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഖ്യാനിച്ചത്. ' ഇന്ത്യയുടെ വിജയത്തിന്റെ പ്രക്രിയ ആരംഭിച്ചതായി തോന്നുന്നു. ഇതില്‍, ആഗസ്ത് 5 എന്ന തിയതി വളരെ സവിശേഷവും പ്രാധാന്യന്യവും അര്‍ഹിക്കുന്നതായി മാറിയിരിക്കുന്നു.' എന്നാണ് മോദി പറഞ്ഞത്. 2019 ആഗസ്ത് അഞ്ചിനായിരുന്നു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ ഏകപക്ഷീയമായി റദ്ദാക്കിയത്. 2020 ആഗസ്ത് അഞ്ചിനാണ് രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിട്ടത്. ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ നീണ്ട വര്‍ഷങ്ങള്‍ക്കു ശേഷം മെഡല്‍ നേടിയത് 2021 ആഗസ്ത് 5ന് ആണ്. ഇവയെല്ലാം ഒന്നിച്ച് ബന്ധപ്പെടുത്തിയാണ് മോദി ഹോക്കിയും ഹിന്ദുത്വ അജണ്ടകളും തമ്മില്‍ കൂട്ടിയിണക്കി എല്ലാം രാജ്യത്തിന്റെ നേട്ടങ്ങളായി വ്യാഖ്യാനിച്ചത്.


രാജ്യത്തിന്റെ സ്വാതന്ത്ര്യ ദിനായ ആഗസ്ത് 15ല്‍ നിന്നും ദേശീയ ദിനം ആഗസ്ത് 5ലേക്ക് മാറ്റാനുള്ള ഹിന്ദുത്വ അജണ്ടയാണ് മോദിയുടെ പരാമര്‍ശത്തിലൂടെ പുറത്തു വന്നതെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. 1947 ആഗസ്ത് 15ന് ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വിജയം കൂടി ആയിട്ടാണ് വ്യാഖ്യാനിക്കപ്പെട്ടത്. ബിജെപിയുടെ ആദ്യ രൂപമായ ഹിന്ദു മഹാസഭയും സവര്‍ക്കറും നാഥുറാം ഗോഡ്‌സെയും സ്വാതന്ത്ര്യ സമരത്തിന്റെ പല ഘട്ടങ്ങളിലും ബ്രിട്ടീഷ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. ഹിന്ദുത്വര്‍ സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം നിന്നതിന് ചരിത്രത്തില്‍ പല തെളിവുകളുമുണ്ട്.




Tags:    

Similar News