ഒമ്പതാമത് മോഹന്‍ രാഘവന്‍ ചലച്ചിത്രോത്സവം ശനിയാഴ്ച തൃശൂരില്‍
അഞ്ച് ലോക സിനിമകളും ആറ് ഇന്ത്യന്‍ ഭാഷാചിത്രങ്ങളും നാല് മലയാള ചിത്രങ്ങളുമുള്‍പ്പെടെ 15 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്
മാള: മോഹന്‍ രാഘവന്റെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്ന ഒമ്പതാമത് ചലച്ചിത്രോത്സവം ശനിയാഴ്ച തുടങ്ങും. തൃശൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐഎഫ്എഫ്ടി) സഹകരണത്തോടെ അഷ്ടമിച്ചിറ മഹാലക്ഷ്മി തിയേറ്ററിലും കുഴിക്കാട്ടുശ്ശേരി ഗ്രാമികയിലുമായി നടത്തുന്ന അഞ്ച് ദിവസത്തെ മേള 11 ന് സമാപിക്കും. മഹാലക്ഷ്മിയില്‍ രാവിലെ 10നും 12.30നുമായി രണ്ട് പ്രദര്‍ശനങ്ങളും ഗ്രാമികയില്‍ വൈകീട്ട് 6.30ന് ഓരോ പ്രദര്‍ശനങ്ങളുമാണ് നടക്കുക.
അഞ്ച് ലോക സിനിമകളും ആറ് ഇന്ത്യന്‍ ഭാഷാചിത്രങ്ങളും നാല് മലയാള ചിത്രങ്ങളുമുള്‍പ്പെടെ ശ്രദ്ധേയമായ 15 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് മഹാലക്ഷ്മി തിയേറ്ററില്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും പ്രശസ്ത സംവിധായകനുമായ കമല്‍ ചലചിത്രമേള ഉദ്ഘാടനം ചെയ്യും. വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ ചലച്ചിത്രമാധ്യമ പ്രവര്‍ത്തക ആശ ജോസഫ്, മോഹന്‍ രാഘവനെ അനുസ്മരിച്ച് സംസാരിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംവിധായകരും ചലച്ചിത്ര നിരൂപകരുമായ പ്രിയനന്ദനന്‍, ഉമ കുമരപുരം, ഡോ. അനു പാപ്പച്ചന്‍ എന്നിവര്‍ പ്രേക്ഷകരുമായി സംവദിക്കാനെത്തും. അന്താരാഷ്ട്ര വനിതാ ദിനമായ എട്ടിന് ന് വൈകീട്ട് അഞ്ച് മണിക്ക് ഗ്രാമികയില്‍ പ്രൊഫ. കുസുമം ജോസഫ്, ഡോ. കെ മുത്തുലക്ഷ്മി എന്നിവര്‍ പ്രഭാഷണം നടത്തും.
ഫെസ്റ്റിവലിനു മുന്നോടിയായി ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് അഞ്ച് വരെ അഞ്ച് ഗ്രാമപഞ്ചായത്തുകളിലെ 13 കേന്ദ്രങ്ങളില്‍ ഡോ. ബാബാ സാഹേബ് അംബേദ്കര്‍ ചലച്ചിത്രം പ്രദര്‍ശിപ്പിച്ചു വരുന്നുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിന്റെയും സഹകരണത്തോടെ നടത്തുന്ന ചലച്ചിത്രോത്സവത്തിന് വടമ കരിന്തലക്കൂട്ടം, അന്നമനട ഓഫ് സ്‌റ്റേജ് എന്നിവര്‍ സഹ സംഘാടകരാണ്. 400 രൂപ മുന്‍കൂട്ടി അടച്ച് പ്രതിനിധികളായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഫെസ്റ്റിവലില്‍ പ്രവേശനം നിയന്തിച്ചിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി കെ കിട്ടന്‍, ഗ്രാമിക ഫിലിം സൊസൈറ്റി പ്രസിഡന്റ് തുമ്പൂര്‍ ലോഹിതാക്ഷന്‍, സെക്രട്ടറി ജിജൊ പഴയാറ്റില്‍, വൈസ് പ്രസിഡന്റ് ഡോ. വി പി ജിഷ്ണു തുടങ്ങിയവര്‍ സംബന്ധിച്ചു.