കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർ ഓഫീസിലെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ അജിത്കുമാറാണ് പിടിയിലായത്.
കൊച്ചി: ലേബർ കാർഡിനു വേണ്ടി കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി. തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയ്ക്കിടെ രണ്ടര ലക്ഷം രൂപയും വിജിലൻസ് പിടിച്ചെടുത്തു. കൊച്ചി സെൻട്രൽ ഡെപ്യൂട്ടി ചീഫ് ലേബർ കമ്മീഷണർ ഓഫീസിലെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ അജിത്കുമാറാണ് പിടിയിലായത്. ഉത്തർപ്രദേശ് സ്വദേശിയാണ് ഇയാൾ.
ബിപിസിഎൽ കമ്പനിയിൽ തൊഴിലാളികളെ നിയമിക്കാനുള്ള ലേബർ കാർഡിനു വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്. കമ്പനിയിൽ ലേബർ തസ്തികയിൽ തൊഴിലാളികളെ കയറ്റുന്നത് അസിസ്റ്റൻ്റ് ലേബർ കമ്മീഷണറായ അജിത്കുമാറാണ്. ഒരു തൊഴിലാളിക്ക് 1,000 രൂപ നിരക്കിൽ 20 തൊഴിലാളികൾക്ക് ലേബർ കാർഡ് നൽകുന്നതിന് 20,000 രൂപയാണ് ആവശ്യപ്പെട്ടത്. ഈ തുക നൽകുന്നതിനിടയിലാണ് ഇന്ന് ഉച്ചയ്ക്ക് അജിത് കുമാറിനെ വിജിലൻസ് പിടികൂടിയത്.
തുടർന്ന് വീട്ടിൽ നടത്തിയ പരിശോധനയിലാണ് രണ്ടര ലക്ഷം രൂപയും കുറച്ച് സ്വർണവും പിടിച്ചെടുത്തത്. പണം കൈക്കൂലിയായി കിട്ടിയതാന്നെന്ന് വിജിലൻസ് പറയുന്നു. സ്വർണവും കൈക്കൂലിയായി സമ്പാദിച്ചതാണോ എന്നു വിജിലൻസ് പരിശോധിക്കും. വിജിലൻസ് എസ്പി ശശിധരനാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.