അനുസരണക്കേട് കാട്ടിയതില്‍ ദേഷ്യം; അഞ്ച് വയസ്സുള്ള മകളെ കൊന്നു കഷ്ണങ്ങളാക്കി; പിതാവ് അറസ്റ്റില്‍

സീതാപൂര്‍: ഉത്തര്‍പ്രദേശില്‍ അഞ്ച് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ച് കൊന്ന് മൃതദേഹം കഷണങ്ങളാക്കിയ കേസില്‍ പിതാവ് അറസ്റ്റില്‍. ഉത്തര്‍പ്രദോശിലെ സീതാപൂര്‍ സ്വദേശി മോഹിത്താണ് അറസ്റ്റിലായത്. ഇയാളുടെ മകള്‍ താനി തര്‍ക്കത്തിലായിരുന്ന അയല്‍ക്കാരെ സന്ദര്‍ശിച്ചതാണ് പ്രതി മോഹിത്ത് കൃത്യം നടത്തിയതിനു പിന്നിലെ കാരണം.
ഫെബ്രുവരി 25 ന് കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കുട്ടിയുടെ പിതാവ് മുങ്ങിയതായി പോലിസിന് വിവരം ലഭിച്ചു. ഇയാളെ അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നത്.
നേരത്തെ വളരെ അടുപ്പത്തില്‍ കഴിഞ്ഞിരുന്ന അയല്‍വാസിയുടെ വീട്ടില്‍ കുഞ്ഞ് പോയത് മുതലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. നിലവില്‍ പെണ്‍കുട്ടിയുടെ കുടുംബവും അയല്‍വാസിയായ രാമുവിന്റെ കുടുംബവും തമ്മില്‍ ശത്രുതയിലാണ്. രാമുവിന്റെ വീട്ടിലേക്ക് പോകുന്നത് നിര്‍ത്താന്‍ മോഹിത് മകളോട് പലതവണ പറഞ്ഞിരുന്നു. സംഭവദിവസം, രാമുവിന്റെ വീട്ടില്‍ നിന്ന് മകള്‍ വരുന്നത് കണ്ട മോഹിത് പ്രകോപിതനാവുകയും കുട്ടിയെ ബൈക്കില്‍ ഇരുത്തി, ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി, വസ്ത്രങ്ങള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊന്നു. തുടര്‍ന്ന് മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് കുഴിച്ചിടുകയായിരുന്നു.