റയല്‍ മാഡ്രിഡ് വിടണം: ഗെരത് ബെയ്ല്‍

പഴയ ഫോം വീണ്ടെടുത്ത ബെയ്‌ലിനെ കഴിഞ്ഞാഴ്ച നടന്ന ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍നിന്നും ക്ലബ്ബ് ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് താരം ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്. നിലവില്‍ സ്പാനിഷ് ലീഗില്‍ റയല്‍ ഒന്നാം സ്ഥാനത്താണ്.

Update: 2019-10-08 12:25 GMT

മാഡ്രിഡ്: ക്ലബ്ബില്‍നിന്നും തനിക്ക് ഉടന്‍ വിട്ടുപോവണമെന്ന് റയല്‍ മാഡ്രിഡ് താരം ഗെരത് ബെയ്ല്‍. ആദ്യമായാണ് താരം ക്ലബ്ബ് വിടണമെന്ന് ആവശ്യപ്പെടുന്നത്. പഴയ ഫോം വീണ്ടെടുത്ത ബെയ്‌ലിനെ കഴിഞ്ഞാഴ്ച നടന്ന ചാംപ്യന്‍സ് ലീഗ് മല്‍സരത്തില്‍നിന്നും ക്ലബ്ബ് ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് താരം ക്ലബ്ബ് വിടാന്‍ തീരുമാനിച്ചത്. നിലവില്‍ സ്പാനിഷ് ലീഗില്‍ റയല്‍ ഒന്നാം സ്ഥാനത്താണ്. ഈ സീസണില്‍ ബെയ്‌ലാവട്ടെ മികച്ച പ്രകടനമാണ് ടീമിനായി കാഴ്ചവച്ചത്. ഏഴുമല്‍സരങ്ങളില്‍ നിന്നായി രണ്ട് ഗോളും രണ്ട് അസിസ്റ്റുമായി തിളങ്ങിയിരുന്നു.

ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിട്ട് ടീമില്‍നിന്നും തന്നെ ഒഴിവാക്കിയതില്‍ നിരാശയുണ്ടെന്നും ഇതില്‍ കൂടുതല്‍ തരംതാഴ്ത്തല്‍ താന്‍ ഇനി സഹിക്കില്ലെന്നും ബെയ്ല്‍ വ്യക്തമാക്കി. ഫോം നഷ്ടപ്പെട്ട ബെയ്‌ലിനെ നേരത്തെ ടീമിന് ആവശ്യമില്ലെന്ന് കോച്ച് സിദാന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധവും മോശമായിരുന്നു. തുടര്‍ന്ന് താരത്തെ സ്വന്തമാക്കാന്‍ ചൈനീസ് ക്ലബ്ബും മുന്നോട്ട് വന്നിരുന്നു. എന്നാല്‍ വ്യക്തിപരമായ ബുദ്ധിമുട്ട് പറഞ്ഞ ബെയ്ല്‍ പിന്‍മാറുകയായിരുന്നു. മറ്റ് ക്ലബ്ബുകളൊന്നും ബെയ്‌ലിനായി മുന്നോട്ടുവന്നിരുന്നില്ല.

സിദാന്‍ കോച്ചായതിന് ശേഷം ബെയ്‌ലിനെ പലപ്പോഴും ആദ്യ ഇലവനില്‍നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍, ഈ സീസണിലെ മികച്ച പ്രകടനം താരത്തിനും ക്ലബ്ബിനും ഗുണം ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വെയ്ല്‍സ് താരമായ ബെയ്ല്‍ ക്ലബ്ബില്‍ തുടരുകയായിരുന്നു. എന്നാല്‍, ചാംപ്യന്‍സ് ലീഗ് സ്‌ക്വാഡില്‍നിന്നും ബെയ്‌ലിനെ പുറത്താക്കിയത് താരത്തെ നിരാശനാക്കുകയായിരുന്നു. 2013ല്‍ ടോട്ടന്‍ഹാമില്‍ നിന്നുമെത്തിയ ബെയ്ല്‍ നാല് ചാംപ്യന്‍സ് ലീഗ്, ഒരു ലാലിഗ, ഒരു കോപ്പാ ഡെല്‍ റേ, മൂന്ന് യുവേഫാ സൂപ്പര്‍ കപ്പ്, ക്ലബ്ബ് വേള്‍ഡ കപ്പ് എന്നിവയും റയലിനായി നേടിയിരുന്നു.

Tags:    

Similar News