50 ലക്ഷംവീതം കെട്ടിവെക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ്; പ്രതിഷേധവുമായി കര്‍ഷകര്‍, ക്ലറിക്കല്‍ പിഴവെന്ന വിശദീകരണവുമായി പോലിസ്

തുക അമ്പതുലക്ഷമല്ല അമ്പതിനായിരമാണെന്നും ജില്ല ഭരണകൂടത്തിലെ ഉദ്യോഗസ്ഥന് ക്ലറിക്കല്‍ പിഴവ് സംഭവിച്ചതാണെന്നും സംഭാല്‍ എസ്.പി. ചക്രേഷ് മിശ്ര പറഞ്ഞു.കൃത്യം തുക രേഖപ്പെടുത്തിയ നോട്ടീസ് കര്‍ഷക നേതാക്കള്‍ക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Update: 2020-12-18 18:48 GMT

ലഖ്‌നൗ: സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് കര്‍ഷക നേതാക്കള്‍ക്ക് അയച്ച നോട്ടീസില്‍ കര്‍ഷക വ്യക്തിഗത ബോണ്ടായി അമ്പതുലക്ഷം രൂപ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ട് ഉത്തര്‍ പ്രദേശ് പോലിസ്. എന്നാല്‍ വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി ഉത്തര്‍ പ്രദേശ് പോലിസ് രംഗത്തെത്തി.

തുക അമ്പതുലക്ഷമല്ല അമ്പതിനായിരമാണെന്നും ജില്ല ഭരണകൂടത്തിലെ ഉദ്യോഗസ്ഥന് ക്ലറിക്കല്‍ പിഴവ് സംഭവിച്ചതാണെന്നും സംഭാല്‍ എസ്.പി. ചക്രേഷ് മിശ്ര പറഞ്ഞു.കൃത്യം തുക രേഖപ്പെടുത്തിയ നോട്ടീസ് കര്‍ഷക നേതാക്കള്‍ക്ക് അയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭാലിലെ ഡിവിഷണല്‍ മജിസ്‌ട്രേട്ടാണ് ആറ് കര്‍ഷക നേതാക്കള്‍ക്ക് നോട്ടീസ് അയച്ചത്. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കാന്‍ കര്‍ഷകരെ ഇവര്‍ പ്രേരിപ്പിക്കുന്നുവെന്നായിരുന്നു പോലിസ് റിപോര്‍ട്ട്. വ്യക്തിഗത ബോണ്ടായി അമ്പതുലക്ഷം രൂപ എന്തുകൊണ്ട് കെട്ടിവെച്ചില്ലെന്ന കര്‍ഷക നേതാക്കളില്‍നിന്ന് വിശദീകരണവും നോട്ടീസില്‍ തേടിയിരുന്നു.

ചില ആളുകള്‍ കര്‍ഷകരെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും അവിടെ സമാധാന നില തകരാറിലാകാന്‍ സാധ്യതയുണ്ടെന്നും ഹയാത്‌നഗര്‍ പോലിസില്‍നിന്ന് റിപ്പോര്‍ട്ട് ലഭിച്ചതായാണ് കര്‍ഷകര്‍ക്ക് ലഭിച്ച നോട്ടീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഭാരതീയ കിസാന്‍ യൂണിയന്‍(അസ്‌ലി) പ്രസിഡന്റ് രാജ്പാല്‍ സിങ് യാദവ്, കര്‍ഷക നേതാക്കളായ ജയ്‌വീര്‍ സിങ്, ബ്രഹ്മചാരി യാദവ്, സതേന്ദ്ര യാദവ്, റൗദാസ്, വീര്‍ സിങ് എന്നിവര്‍ക്കാണ് നോട്ടീസ് ലഭിച്ചത്.

Tags:    

Similar News