കര്‍ഷക സമരം നേരിടാന്‍ ബാരിക്കേഡുകള്‍, ഇന്റര്‍നെറ്റ് വിലക്ക്; പോലിസിന്റെ നിയന്ത്രണത്തില്‍ വലഞ്ഞ് പൊതുജനം

Update: 2024-02-24 14:58 GMT

ശംഭു(പഞ്ചാബ്): താങ്ങുവില നിയമപരമാക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി കര്‍ഷകര്‍ പ്രഖ്യാപിച്ച ഡല്‍ഹി ചലോ മാര്‍ച്ചിനെ നേരിടാന്‍ കേന്ദ്രസര്‍ക്കാരും ഹരിയാന സര്‍ക്കാരും വ്യാപക നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതോടെ ദുരിതത്തിലായി ജനജീവിതം. ഡല്‍ഹിയിലേക്ക് നീളുന്ന ദേശീയപാത 44-ല്‍ പഞ്ചാബ് അതിര്‍ത്തികളിലും ഹരിയാനയിലൊട്ടാകെയും ബാരിക്കേഡുകള്‍ നിരത്തി ഗതാഗതം നിയന്ത്രിക്കുകയാണ് പോലിസ്.

നേരിട്ട് ദേശീയപാതവഴി യാത്രചെയ്യാനാകാത്ത സ്ഥിതിയാണ്. സര്‍വീസ് റോഡുകളും ഗ്രാമീണ പാതകളും താണ്ടിവേണം ഹരിയാനയുടെ അതിര്‍ത്തി മേഖലകള്‍ കടക്കാന്‍. ദേശീയപാതയിലാണ് ട്രാക്ടറുകളും ട്രോളികളുമായി കര്‍ഷകര്‍ ക്യാംപ് ചെയ്യുന്നതും. ശംഭു, ഖനോരി അതിര്‍ത്തികള്‍ പൂര്‍ണമായി അടച്ചു. ഡല്‍ഹിയിലേക്ക് കടക്കുന്ന തിക്രി, ശംഭു അതിര്‍ത്തികളും അടച്ചിട്ട് കാവല്‍ തുടരുകയാണ്. ഇടറോഡുകള്‍ കിടങ്ങുകുഴിച്ച് ഗതാഗത യോഗ്യമല്ലാതാക്കിയിരിക്കുന്നതിനാല്‍ അതിര്‍ത്തി കടന്നുള്ള യാത്ര ഏറെ പ്രയാസകരമാണ്. ചരക്കുനീക്കവും സംസ്ഥാനാന്തര ബസ് സര്‍വീസുകളുമടക്കം പൊതുഗതാഗത സംവിധാനങ്ങളും താറുമാറായി.

കര്‍ഷകസമരം തുടങ്ങിയ ഫെബ്രുവരി 13 മുതല്‍ ഹരിയാനയിലെയും പഞ്ചാബിലെയും അതിര്‍ത്തി മേഖലകളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്.നിലവില്‍ ഡല്‍ഹി ചലോ മാര്‍ച്ച് ഫെബ്രുവരി 29 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്. അതുവരെ പഞ്ചാബ്, ഹരിയാന അതിര്‍ത്തികളില്‍ തുടരാനാണ് തീരുമാനം. പോലിസ് നടപടിയില്‍ കഴിഞ്ഞദിവസം മരിച്ച യുവ കര്‍ഷകന്‍ ശുഭ് കരണ്‍ സിങ്ങിന്റെ (21) മരണത്തില്‍ പഞ്ചാബ് പോലിസ് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. അതുവരെ പോസ്റ്റുമോര്‍ട്ടം അനുവദിക്കില്ലെന്നും കര്‍ഷകനേതാക്കള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ മൃതദേഹം പട്യാല രജീന്ദ്ര ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

Tags:    

Similar News