കര്‍ഷകരുടെ 'ദില്ലി ചലോ' മാര്‍ച്ച് തടഞ്ഞ് പോലിസ്; സ്ഥലത്ത് സംഘര്‍ഷം

ശംഭു അതിര്‍ത്തിയില്‍ നിന്ന് ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യാനാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തത്

Update: 2024-12-06 08:34 GMT
കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് തടഞ്ഞ് പോലിസ്; സ്ഥലത്ത് സംഘര്‍ഷം

പഞ്ചാബ്: പഞ്ചാബ് കര്‍ഷക യൂണിയനുകളുടെ 'ദില്ലി ചലോ' മാര്‍ച്ച് തടഞ്ഞ് പോലിസ്. ബാരിക്കേഡുകള്‍ മറികടക്കാനുള്ള ശ്രമത്തില്‍ സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്. ശംഭു അതിര്‍ത്തിയില്‍ നിന്ന് ദേശീയ തലസ്ഥാനത്തേക്ക് മാര്‍ച്ച് ചെയ്യാനാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തത്. എന്നാല്‍ ശംഭു അതിര്‍ത്തിയില്‍ പോലിസ് മാര്‍ച്ച് തടഞ്ഞു. മാര്‍ച്ച് കണക്കിലെടുത്ത്, അംബാല ജില്ലയിലെ 11 ഗ്രാമങ്ങളില്‍ ഡിസംബര്‍ 9 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

വിളകളുടെ താങ്ങുവിലയ്ക്ക് നിയമപരമായ ഉറപ്പ്, വായ്പ എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കണം, വൈദ്യുതി താരിഫ് വര്‍ധിപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നൂറിലധികം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഒരുങ്ങുന്നത്

വെള്ളിയാഴ്ച ഹരിയാന അഡീഷണല്‍ ചീഫ് സെക്രട്ടറി (ആഭ്യന്തര) സുമിത മിശ്ര ദംഗ്ദേഹ്രി, മനക്പൂര്‍ ഗ്രാമങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍, ബള്‍ക്ക് എസ്എംഎസുകള്‍ (ബാങ്കിംഗ്, മൊബൈല്‍ റീചാര്‍ജ് എന്നിവ ഒഴികെ) മൊബൈല്‍ നെറ്റ്വര്‍ക്കുകളില്‍ നല്‍കുന്ന എല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. വ്യക്തിഗത എസ്എംഎസ്, മൊബൈല്‍ റീചാര്‍ജ്, ബാങ്കിംഗ് എസ്എംഎസ്, വോയ്സ് കോളുകള്‍, ബ്രോഡ്ബാന്‍ഡ് നല്‍കുന്ന ഇന്റര്‍നെറ്റ് സേവനങ്ങള്‍, കോര്‍പ്പറേറ്റ്, ഗാര്‍ഹിക കുടുംബങ്ങളുടെ വാടക ലൈനുകള്‍ എന്നീ സേവനങ്ങളെ സസ്‌പെന്‍ഷന്‍ ഉത്തരവില്‍ നിന്ന് ഒഴിവാക്കിയതായി ആഭ്യന്തര സെക്രട്ടറി അറിയിച്ചു.

ക്രമസമാധാനത്തിനും പൊതുസമാധാനത്തിനും ഭംഗം സംഭവിക്കാതിരിക്കാനാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ഇന്ന് അവധിയാണ്.

Tags:    

Similar News