സമരം ശക്തമാക്കി കര്‍ഷകര്‍; ദല്ലേവാളിന്റെ നിരാഹാരസമരം 50 ദിവസം പിന്നിട്ടു
ന്യൂഡല്‍ഹി: കര്‍ഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിന്റെ മരണം വരെ നിരാഹാരം ചൊവ്വാഴ്ച 50-ാം ദിവസം പിന്നിട്ടു. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാത്തതിനെത്തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്ക് 111 കര്‍ഷകര്‍ കൂടി കറുത്ത വസ്ത്രം ധരിച്ച് അദ്ദേഹത്തോടൊപ്പം പ്രതിഷേധിച്ചു.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും (രാഷ്ട്രീയേതര) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും ബാനറുകളില്‍ 2024 ഫെബ്രുവരി മുതല്‍ ഖനൗരി, ശംഭു അതിര്‍ത്തികളില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി, കടം എഴുതിത്തള്ളല്‍, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കരുത്, പോലിസ് കേസുകള്‍ പിന്‍വലിക്കല്‍, 2021 ലെ ലഖിംപൂര്‍ ഖേരി അക്രമത്തിന്റെ ഇരകള്‍ക്ക് നീതി എന്നീ ആവശ്യങ്ങള്‍ ഉയ്ര#ത്തിയാണഅ പ്രതിഷേധം. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനഃസ്ഥാപിക്കണമെന്നും 2020-21 ലെ പ്രതിഷേധത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
2024 നവംബര്‍ 26-ന് ഖനൗരി അതിര്‍ത്തിയില്‍ നിരാഹാരം ആരംഭിച്ചത് മുതല്‍ ആരോഗ്യനില വഷളായ ദല്ലേവാള്‍, വൈദ്യസഹായം നിരസിച്ചിരുന്നു. കടക്കെണിയില്‍പ്പെട്ട് പലരും ആത്മഹത്യയിലേക്ക് തള്ളിവിട്ട കര്‍ഷകരുടെ ദുരവസ്ഥയിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് തന്റെ നിരാഹാര സമരം എന്ന് അദ്ദേഹം പറയുന്നു.